കടുവ ഭീതി ഒഴിയാതെ വടശേരിക്കര; വെടിവച്ചു കൊല്ലാൻ ഉത്തരവിടണം
1297524
Friday, May 26, 2023 10:55 PM IST
വടശേരിക്കര: പെരുനാട്, വടശേരിക്കര മേഖലയിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും പതിവായ സാഹചര്യത്തിൽ കടുവയെ വെടിവച്ചുകൊല്ലാൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നു പ്രമോദ് നാരായൺ എംഎൽഎ.
കഴിഞ്ഞ ഒന്നര മാസമായി പെരുനാട് മേഖലയും ഒരാഴ്ചയായി വടശേരിക്കരയും കടുവ ആക്രമണ ഭീഷണിയിലാണ്. രണ്ടിടത്തും കടുവ നിരന്തരം ശല്യമാണ്. ആളുകൾക്കു മുന്പിൽ പോലും ചാടിവീഴുന്ന ഘട്ടങ്ങളുണ്ടായി. ജനം പൂർണമായി അടച്ചുപൂട്ടപ്പെട്ടു.
കടുവ ഭീതിയിൽ രണ്ടു ഗ്രാമങ്ങൾ കഴിയുന്പോഴും അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗതയ്ക്കെതിരേ പ്രതിഷേധം ശക്തമായതോടെയാണ് നടപടി തേടി എംഎൽഎ രംഗത്തെത്തിയത്.
കടുവയ്ക്കായി വനപാലകർ നടത്തിയ തെരച്ചിൽ ഫലം കണ്ടിട്ടില്ല. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വച്ചു. ഡ്രോൺ ഉപയോഗിച്ചു വ്യാപകമായ തെരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി. എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ ഒരു സ്ഥലത്തുനിന്നു മറ്റു ജനവാസ മേഖലകളിലേക്കു പോകുകയാണ് ചെയ്യുന്നത്.
ഇനി നോക്കി
നിൽക്കാനാകില്ല
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവയുടെ ഭീതി നാട്ടിൽനിന്ന് അകറ്റിയേ മതിയാകൂവെന്ന് പ്രമോദ് നാരായൺ എംഎൽഎ വനം മന്ത്രി എ.കെ. ശശീന്ദ്രനോട് അഭ്യർഥിച്ചു. ഭീതിജനകമായ സാഹചര്യം നാട്ടിൽനിന്നു മാറിയില്ലെങ്കിൽ കുട്ടികളെ സ്കൂളിൽ അയയ്ക്കാൻ മാതാപിതാക്കൾ മടിക്കും.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്തു കേന്ദ്ര വനം നിയമത്തിലെ നിയമപരമായ സങ്കീർണത പരിഹരിച്ചു കടുവയെ കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിറക്കണമെന്നും എംഎൽഎ വനം മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്യണം.
കടുവ വീണ്ടും നാട്ടിലിറങ്ങിയ വിഹരിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു സർക്കാരും ഭരണകൂടവും ബാധ്യസ്ഥരാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. കടുവയെ വെടിവച്ചു കൊല്ലാൻ അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കുകയാണ് വേണ്ടതെന്നും അല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇട നൽകുമെന്നും പ്രമോദ് നാരായൺ കൂട്ടിച്ചേർത്തു.
കടുവ ഭീതി: നിസംഗത
വെടിയണമെന്ന്
ഡിസിസി
പത്തനംതിട്ട: ജനവാസ മേഖലയില് കടന്നു ജനങ്ങളെയും വളർത്തു മൃഗങ്ങളെയും ആക്രമിക്കുന്ന കടുവയിൽ നിന്നു സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിനു ബാധ്യസ്ഥതയുണ്ടെന്നു ഡിസിസി പ്രസിഡന്റ് പ്രഫ.സതീഷ് കൊച്ചുപറന്പിൽ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന പ്രാഥമിക ദൗത്യം നിർവഹിച്ചു കടുവയെ വെടിവച്ചു കൊല്ലുകയാണ് വേണ്ടത്.
ജനങ്ങളുടെ ജീവനോപാധികൾക്കു തടസമുണ്ടാക്കുന്ന തരത്തിലാണ് വടശേരിക്കര, പെരുനാട് മേഖലകളിൽ കടുവ വിലസുന്നത്. പകലും രാത്രിയും ഒരേപോലെ ഭീതിജനകമായ അന്തരീക്ഷമാണ്.
കർഷകർക്ക് റബർ ടാപ്പ് ചെയ്യാനോ മറ്റു ജോലികൾക്കോ പുറത്തുപോകാനാകുന്നില്ല, സ്കൂളുകൾകൂടി തുറക്കുന്നതോടെ ഭീതി വർധിക്കും. വന്യജീവി ആക്രമണങ്ങളില്നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ടു കോൺഗ്രസ് മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കടുവ ചാടി; തലനാരിഴയ്ക്കു
രക്ഷപ്പെട്ടു ബൈക്ക് യാത്രികർ
വടശേരിക്കര ചന്പോൺ ഭാഗത്തു വ്യാഴാഴ്ച രാത്രി ബൈക്ക് യാത്രക്കാരായ അച്ഛനും മകനും കടുവയെ കണ്ടതായി പറയുന്നു. വീട്ടിൽനിന്നു പുറത്തേക്കു പോകാനായി ബൈക്ക് സ്റ്റാർട്ട് ചെയ്യുന്പോൾ പിന്നിൽ ശബ്ദം കേട്ടു തിരിഞ്ഞുനോക്കുന്പോൾ കടുവ ചാടുന്നതാണ് കണ്ടതത്രേ. ബൈക്കിനു പിന്നിലിരുന്നയാൾ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്നു പറയുന്നു. രാത്രിയിൽത്തന്നെ ചന്പോൺ ഭാഗത്തു വനപാലകർ തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
കുന്പളത്താമണ്ണിൽ കഴിഞ്ഞ ദിവസം ആടിനെ ആക്രമിച്ചു കൊന്ന സ്ഥലത്തു വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസം ഈ ഭാഗത്തേക്ക് കടുവ എത്തിയിട്ടില്ലെന്നാണ് നിഗമനം. വ്യാഴാഴ്ച പുലർച്ചെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആടിന്റെ ജഡമാണ് കൂട്ടിൽ തീറ്റയായി വച്ചിരുന്നത്.
പെരുനാട് ബഥനി പുതുവേലിൽ കടുവാ ഭീഷണി കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയാണ്. പെരുനാട്ടിലെ ബഥനിമല, കോളാമല ഭാഗങ്ങളിലും വടശേരിക്കര പേഴുംപാറ, ബൗണ്ടറി, ഒളികല്ല്. കുമ്പളത്താമൺ, ബ്രദർ മുക്ക്, ചമ്പോൺ മേഖലകളിലെല്ലാം കടുവയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. നിരവധി വളർത്തു മൃഗങ്ങളെയും ഇതിനോടകം പലഭാഗങ്ങളിൽനിന്നായി കടുവ കൊന്നു.