കാതോലിക്കേറ്റ് കോളജ് സപ്തതി സമാപനവും പുതിയ ബ്ലോക്ക് ഉദ്ഘാടനവും ഇന്ന്
1281294
Sunday, March 26, 2023 10:22 PM IST
പത്തനംതിട്ട: കാതോലിക്കേറ്റ് കോളജ് കോളജ് സപ്തതി ആഘോഷങ്ങളുടെ സമാപനവും അക്കാഡമിക് സമുച്ചയത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കുമെന്നു പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ പത്തിന് അക്കാഡമിക് സമുച്ചയത്തിന്റെ കൂദാശ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിക്കും.
തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള അക്കാഡമിക് സമുച്ചയത്തിന്റെയും സപ്തതി സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും.
ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും.
മന്ത്രി വീണാ ജോർജ്, ആന്റോ ആന്റണി എംപി, മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാർ ക്ലീമിസ്, സഖറിയാസ് മാർ അപ്രേം, ഏബ്രഹാം മാർ സെറാഫിം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. സപ്തതി സ്മരണിക ചടങ്ങിൽ പ്രകാശനം ചെയ്യും.
കോളജ് ബിരുദാനന്തര ബിരുദ ബോട്ടണി വിഭാഗം, തിരുവനന്തപുരം ബാർട്ടൻ ഹിൽ എൻജിനിയറിംഗ് കോളജ്, കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം എന്നിവയുമായി സഹകരിച്ച് നിർമിച്ച മൂന്ന് പുതിയ പ്രോട്ടോടൈപ്പുകളായ ആൽഗൽ ബയോ ഓക്സിജനറേറ്റർ, ഫൈക്കോ സ്ക്രാപ്പർ, ഹെർബേറിയം മൊബൈൽ ആപ് എന്നിവയും, കാതോലിക്കേറ്റ് കോളജ് ബിരുദാനന്തര ബിരുദ ഫിസിക്സ് വിഭാഗത്തിന്റെ പ്രോട്ടോടൈപ്പുകളായ അക്വാഹോവർ, ഹൈ പെർഫോമൻസ് ഇലക്ട്രോസ്റ്റാറ്റിക് പ്രസിപ്പിറ്റേറ്റർ എന്നിവയും പ്രകാശനം ചെയ്യും. സപ്തതിയുടെ സ്മരണാർഥം കോളജിന്റെ ചുമതയിൽ മൂന്ന് വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഇതിൽ ഒരു വീടിന്റെ ഉടന്പടി യോഗത്തിൽ കൈമാറും.
കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ അടക്കം എംഒസി കോളജുകളിൽ നിന്നു വിരമിക്കുന്ന പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ യാത്രയയപ്പു സമ്മേളനം ഉച്ചകഴിഞ്ഞ് രണ്ടിന് കോളജ് ഓഡിറ്റോറിയത്തിൽ ചേരും.
കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും. കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.
ബർസാർ സുനിൽ ജേക്കബ്, കൺവീനർ ഫാ.ഡോ. തോംസൺ റോബി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.