പത്തനംതിട്ട നഗരസഭ ബജറ്റ്: കുടിവെള്ള പദ്ധതികൾക്കും കായിക, ആരോഗ്യ മേഖലകൾക്കും മുൻഗണന
1279362
Monday, March 20, 2023 10:26 PM IST
പത്തനംതിട്ട: അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നൽകിയുള്ള പത്തനംതിട്ട നഗരസഭ ബജറ്റിൽ കുടിവെള്ള പദ്ധതികൾക്കും കായിക, ആരോഗ്യ മേഖലകൾക്കും പ്രധാനം.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ഉപാധ്യക്ഷ ആമിന ഹൈദരാലി ബജറ്റ് അവതരിപ്പിച്ചു.
75.95 കോടി രൂപ വരവും 61.90 കോടി ചെലവും 14.04 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചർച്ച ഇന്നു നടക്കും.
കെട്ടിടങ്ങളുടെ പെർമിറ്റ്
ഫീസിൽ വർധന
നൂറുമുതൽ 300 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസിൽ 20 ശതമാനവും 300 ചതുരശ്രമീറ്ററിനു മുകളിലുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസിൽ 30 ശതമാനവും വർധന വരുത്തി നഗരസഭയുടെ തനതു വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ നിർദേശമുണ്ട്.
സ്റ്റേഡിയം വികസനം:
കിഫ്ബി പദ്ധതിയും ബജറ്റിൽ
കെ.കെ. നായർ സ്മാരക ജില്ലാ സ്റ്റേഡിയം വികസനത്തിനുള്ള 50 കൂടി രൂപയുടെ അനുമതി കിഫ്ബി മുഖേന സംസ്ഥാന കായിക വകുപ്പിൽനിന്നു ലഭ്യമായ സാഹചര്യത്തിൽ പദ്ധതി നഗരസഭ ബജറ്റിന്റെ ഭാഗവുമായി. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമാണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിർമാണം ആരംഭിക്കുന്നതിനു മുന്പുള്ള നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന് പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും നിയന്ത്രണത്തിൽ കായികവകുപ്പിനുകൂടി പങ്കാളിത്തമുള്ള ഒരു സമിതിയെ ഏല്പിച്ചു നേരത്തെതന്നെ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ടർഫ് നിർമാണത്തിന് അരക്കോടി
കായിക പ്രേമികൾക്കായി ടർഫ് നിർമിക്കാൻ 50 ലക്ഷം രൂപ ബജറ്റിൽ നീക്കിവച്ചു. യുവജനങ്ങൾക്കായി കലാ, കായിക മേളകൾക്ക് രണ്ടുലക്ഷം രൂപയും നിർധന കുട്ടികളുട കായികപരിശീലനത്തിനായി രണ്ടുലക്ഷം രൂപയും നീക്കിവച്ചു.
അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ 23 കോടി
നഗരത്തിലെ എല്ലാ വാർഡുകളിലെയും കുടിവെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ സഹായത്തോടെയുള്ള അമൃത് 2.0 പദ്ധതിയും ബജറ്റിന്റെ ഭാഗമായി. 23 കോടി രൂപയുടേതാണ് പദ്ധതി.
പ്രാദേശികതലത്തിൽ കുടിവെള്ള വിതരണത്തിനായി മണ്ണുങ്കൽ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യുമെന്നും ബജറ്റിൽ പറയുന്നു. വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിലേക്ക് പൈപ്പ് ലൈൻ ദീർഘിപ്പിക്കുന്നതിനായി 75 ലക്ഷം രൂപയും ബജറ്റ് വിഹിതമായുണ്ട്. വേനൽക്കാലത്ത് വിവിധ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി 25 ലക്ഷം രൂപയും മാറ്റിവച്ചു.
ബസ് സ്റ്റാൻഡ് നവീകരണം
പത്തനംതിട്ട നഗരസഭയുടെ ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാൻഡിന്റെ നവീകരണമാണ് ബജറ്റിലെ മറ്റൊരു നിർദേശം. അഞ്ചുകോടി രൂപയാണ് ബജറ്റ് വിഹിതം. ബസ് സ്റ്റാൻഡ് സംരക്ഷണഭിത്തി നിർമാണവും നാല് ചക്ര വാഹനങ്ങൾക്ക് പേ ആൻഡ് പാർക്കിംഗ് സംവിധാനം ഒരുക്കലും നടപ്പാക്കും. ഇതിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ മൂന്ന്, നാലു നിലകളുടെ നിർമാണത്തിനും നവീകരണത്തിനുമായി അഞ്ചുകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ബസ് സ്റ്റാൻഡിൽ അന്തർ സംസ്ഥാന സർവീസുകൾക്ക് പ്രത്യേക ഹബ് തുറക്കും.
മത്സ്യമാർക്കറ്റ് പൂർത്തീകരിക്കും
തീരദേശ വികസന കോർപറേഷൻ മുഖേന നിർമാണം പുരോഗമിക്കുന്ന പത്തനംതിട്ട മത്സ്യമാർക്കറ്റിന്റെ പണികൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കുന്പഴയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രമായ കുന്പഴ മത്സ്യമാർക്കറ്റ് തീരദേശ വികസന കോർപറേഷന്റെ സഹായത്തോടെ ആധുനിക നിലവാരമുള്ള മാർക്കറ്റായി ഉയർത്തുന്നതിലേക്ക് മൂന്നുകോടി രൂപയും നീക്കിവച്ചു.
കൗൺസിലേഴ്സ് ഫണ്ട്
എംപി, എംഎൽഎ ഫണ്ട് മാതൃകയിൽ കൗൺസിലർമാർക്ക് വാർഡ് വികസന ഫണ്ട് ആരംഭിക്കും. ഇതിനായി തുടക്കമെന്ന നിലയിൽ ഓരോ ലക്ഷം രൂപ വീതം 32 ലക്ഷം രൂപയാണ് മാറ്റിവച്ചത്. സംസ്ഥാനത്തുതന്നെ ആദ്യ പദ്ധതിയാണിത്.
സൗജന്യ ഡയലാസിസ് പദ്ധതി
നഗരത്തിലെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിലേക്ക് പത്തുലക്ഷം രൂപ നീക്കിവച്ചു. പായിലേറ്റീവ് കെയർ പദ്ധതിക്ക് 25 ലക്ഷം രൂപയും ലഭിക്കും. ഹോമിയോ ആശുപത്രി കെട്ടിട നിർമാണത്തിനും ആയുർവേദാശുപത്രിയിൽ കിടത്തി ചികിത്സാവിഭാഗം തുടങ്ങാൻ 30 ലക്ഷം രൂപ വീതം നീക്കിവച്ചു ജനറൽ ആശുപത്രി വികസനത്തിന് ഒരു കോടി രൂപ നൽകും. വിവിധ സ്ഥലങ്ങളിൽ വെൽനെസ് സെന്ററുകൾ സ്ഥാപിക്കാൻ 1.30 കോടി രൂപ നീക്കിവച്ചു.
നഗര സൗന്ദര്യവത്കരണം,
ചുട്ടിപ്പാറ ടൂറിസം പദ്ധതി
പത്തനംതിട്ട നഗര സൗന്ദര്യവത്കരണത്തിനായി പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചുട്ടിപ്പാറ, വഞ്ചിപ്പൊയ്ക തുടങ്ങിയ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.
ഗവ. എച്ച്എസ്എസിനു മാസ്റ്റർപ്ലാൻ
നഗരത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനത്തിലെ എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളുടേതടക്കം വികസന പ്രവർത്തനങ്ങൾക്കായി മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. കൂടാതെ സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പരിപാടികൾക്കായി പത്തുലക്ഷം രൂപയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി അഞ്ചുലക്ഷം, സ്മാർട്ട് അങ്കണവാടികൾക്ക് ഒരു കോടി, പോഷകാഹാര പദ്ധതിക്ക് 30 ലക്ഷം ബഡ്സ് സ്കൂൾ നടത്തിപ്പിന് പത്തുലക്ഷം എന്നിങ്ങനെയും ബജറ്റ് വിഹിതമുണ്ട്.
വികേന്ദ്രീകൃത മാലിന്യസംസ്കരണം
വികേന്ദ്രീകൃത മാലിന്യസംസ്കരണം വിജയമാതൃകയുടെ തുടർ പ്രവർത്തനങ്ങൾക്കും ഫണ്ട് നീക്കിവച്ചു. എംസിഎഫ്, ആർആർഎഫ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നൽകും. ബയോഗ്യാസ് പ്ലാന്റ് പത്തുലക്ഷം രൂപ ചെലവിലും പൊതുശൗചാലയങ്ങളുടെ നവീകരണം അഞ്ചുലക്ഷം രൂപ ചെലവിലും നടത്തും. മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വാങ്ങുന്നതിന് പത്തുലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
ദുരന്തനിവാരണ പദ്ധതികൾ
നഗരസഭാ വക കെട്ടിടങ്ങളിൽ അഗ്നിശമന ഉപാധികൾ സ്ഥാപിക്കുന്നതിലേക്ക് പത്തുലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് പത്തുലക്ഷം രൂപയും അനുവദിക്കും. കുട്ടികൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലനം നടത്തുന്നതിലേക്ക് അഞ്ചുലക്ഷം രൂപയും നീക്കിവച്ചു.
ബജറ്റ് ഒറ്റനോട്ടത്തിൽ
8ആരോഗ്യ മേഖലയ്ക്ക് 3.30 കോടി
8ഇ ഓഫീസ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ
8പൊതുമരാമത്ത് പ്രവൃത്തികൾക്കു മൂന്നര കോടി
8വിദ്യാഭ്യാസത്തിന് 1.42 കോടി
8വനിതാക്ഷേമത്തിന് 29 ലക്ഷം
8സാമൂഹ്യ നീതിക്ക് 10. 92 കോടി
8പട്ടികജാതി പട്ടികവർഗ മേഖല 1.30 കോടി
8ശുചിത്വം , മാലിന്യ സംസ്കരണം 70 ലക്ഷം
8ദാരിദ്ര്യലഘൂകരണം 3.50 കോടി
8വാതക ശ്മശാനത്തിന് പത്ത് ലക്ഷം
8ശബരിമല ഇടത്താവള വികസനം 72 ലക്ഷം