വയറപ്പുഴയിൽ പാലം; പതിറ്റാണ്ടുകൾ പിന്നിട്ട് കാത്തിരിപ്പ് തുടരുന്നു
1266030
Wednesday, February 8, 2023 10:26 PM IST
പന്തളം: വയറപ്പുഴ പാലം ഇന്നും ജലരേഖ. പന്തളം, കുളനട നിവാസികളുടെ ചിരകാല സ്വപ്ന പദ്ധതിയാണ് പതിറ്റാണ്ടുകളായി പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നത്. വീണ്ടുമൊരു ബജറ്റ് കൂടി വന്നുപോയെങ്കിലും വയറപ്പുഴ പാലം യാഥാർഥ്യമാകുന്ന ലക്ഷണങ്ങളില്ല. പ്രഖ്യാപനങ്ങൾക്കു പിന്നാലെ പാലത്തിനു ഭരണാനുമതിയും സാങ്കേതികാനുമതിയുമൊക്കെ ലഭ്യമായിട്ടുണ്ടെന്നാണ് ജനപ്രതിനിധികൾ പറയുന്നത്. എന്നാൽ, നിർമാണോദ്ഘാടനം നടത്താൻ തടസമുണ്ടെന്നും അധികൃതർ പറയുന്നു.
പന്തളം നഗരസഭ പ്രദേശത്തെയും കുളനടയെയും ബന്ധിപ്പിച്ചാണ് വയറപ്പുഴ പാലം നിർമിക്കുന്നത്. പാലം യാഥാർഥ്യമാകുന്നതോടെ എംസി റോഡിൽ പന്തളത്തെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന പ്രതീക്ഷയാണുള്ളത്. പത്തനംതിട്ട - ആലപ്പുഴ ജില്ലകളിലെ ബന്ധിപ്പിച്ചുള്ള പ്രധാന പാതയായും വയറപ്പുഴ പാലം റോഡ് മാറും. ആറ്റുവ - കല്യാത്ര പാലംകൂടി പൂർത്തിയാകുന്നതോടെ ഈ പാതയ്ക്കുള്ള പ്രാധാന്യവും വർധിക്കും.
പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവകാലത്തു താത്കാലിക നടപ്പാലം നിലവിൽ നിർമിക്കാറുണ്ട്. അച്ചൻകോവിലാറ്റിൽ വെള്ളം കുറഞ്ഞുനിൽക്കുന്ന സമയത്തു മാത്രമേ താത്കാലിക പാലംകൊണ്ടു പ്രയോജനമുണ്ടാകാറുള്ളൂ.
9.38 കോടി രൂപയുടെ
പദ്ധതി, തികയില്ലെന്ന്
കരാറുകാരൻ
അച്ചൻകോവിലാറിനു കുറുകെയുള്ള വയറപ്പുഴ പാലത്തിന് 9.38 കോടി രൂപയുടെ പദ്ധതിക്കാണ് അനുമതിയുള്ളത്. എന്നാൽ, ഈ തുക മതിയാകില്ലെന്നാണ് ഇപ്പോഴത്തെ പ്രശ്നം. 11 വർഷം മുന്പാണ് പാലത്തിന്റെ രൂപരേഖ ആദ്യം തയാറാക്കിയത്. പിന്നീട് ഇത് അഴിച്ചു പണിതു. 2018ൽ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിട്ടുള്ളത്. ഇതനുസരിച്ചു ടെൻഡർ നടപടി പൂർത്തിയാക്കിയത്. അധികതുക ആവശ്യപ്പെട്ടു കരാറുകാരൻ പിഡബ്ല്യുഡിയെ സമീപിച്ചിട്ടുണ്ട്.
നിർമാണ സാമഗ്രികളുടെ വിലക്കയറ്റം കാരണം കരാർ തുക വർധിപ്പിക്കണമെന്നാണ് ആവശ്യം. 2018ലാണ് തുക അന്തിമമായി നിശ്ചയിച്ചത്. പുതിയ സാഹചര്യത്തിൽ ഈ തുകയ്ക്കു നിർമാണം ഏറ്റെടുക്കാനാകില്ലെന്നു കരാറുകാരൻ അറിയിച്ചിട്ടുണ്ട്. പദ്ധതി തുക വർധിപ്പിച്ചു നൽകണമെന്ന കരാറുകാരന്റെ ആവശ്യം ബന്ധപ്പെട്ട എൻജിനിയർമാരുടെ റിപ്പോർട്ട് സഹിതം സർക്കാരിലേക്കു നൽകിയിട്ടുണ്ട്.
മഹാപ്രളയം: രൂപരേഖ പരിഷ്കരിച്ചു
വയറപ്പുഴ പാലത്തിന്റെ രൂപരേഖ ആദ്യം പ്രഖ്യാപിക്കുന്നത് 2011ലെ ബജറ്റിലാണ്. രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.
കടവുകൾ, സമീപനപാത എന്നിവ സംബന്ധിച്ചു ചില തർക്കങ്ങളുണ്ടായിരുന്നു. ഇതോടെ തുടർ നടപടികളും തടസപ്പെട്ടു. ഇതു പരിഹരിച്ച് 2017ൽ പദ്ധതി തുക എട്ടു കോടിയായി ഉയർത്തി. രണ്ടു തവണ മണ്ണു പരിശോധനയും നടത്തി. പദ്ധതിയുടെ ആദ്യ രൂപരേഖയിൽ മാറ്റംവരുത്തിയിരുന്നു. 2018ലെ മഹാപ്രളയംകൂടി കണക്കിലെടുത്തു രൂപരേഖ പരിഷ്കരിച്ചിട്ടുണ്ട്. പരമാവധി ജലനിരപ്പിൽനിന്നു പാലത്തിന്റെ ഉയരം കൂട്ടി. മൂന്നു തവണ മണ്ണു പരിശോധന നടത്തി. 2021 ഡിസംബർ 28ന് സർക്കാരിനു സമർപ്പിച്ച പുതുക്കിയ രൂപരേഖയാണ് ഇപ്പോൾ ഉള്ളത്.
സ്ഥലമേറ്റെടുത്തു
സമീപന പാതയ്ക്കായി സ്ഥലമേറ്റെടുക്കൽ പൂർത്തിയായിട്ടുണ്ട്.
ഇരുകരകളിലും എതിർപ്പുകളുണ്ടായെങ്കിലും ഇതു പരിഹരിച്ച് ഒരുവർഷം മുന്പ് സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി.
ഉടമകളുടെ സമ്മതപത്രം വാങ്ങി നൽകിയിട്ടുണ്ട്. കുളനട കരയിൽ എട്ട് മീറ്റർ വീതിയിലുള്ള സമീപനപാതയ്ക്കാണ് സ്ഥലമേറ്റെടുത്തിരിക്കുന്നത്. പന്തളം കരയിലും സമാനമായ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.