കുറുവ തസ്ക്കര സംഘം കേരളത്തിൽ: നിരീക്ഷണം ശക്തമാക്കി പോലീസ്
1466132
Sunday, November 3, 2024 6:29 AM IST
കൊല്ലം: തമിഴ്നാട്ടിലെ കുപ്രസിദ്ധരും ആക്രമണകാരികളുമായ കുറുവ മോഷണ സംഘം കേരളത്തിൽ എത്തിയെന്ന സംശയം ബലപ്പെട്ടു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ അടക്കം പോലീസ് രാത്രി നിരീക്ഷണം ശക്തമാക്കി. ജാഗ്രത പാലിക്കാൻ റസിഡന്റ്സ് അസോസിയേഷൻ അടക്കമുള്ള സംഘടനകൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയിൽ അടുത്തിടെ നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട അന്വേഷണമാണ് കുറുവ സംഘത്തിന്റെ സാന്നിധ്യം സംശയിക്കാൻ കാരണമായിട്ടുള്ളത്. പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘത്തിലെ അംഗങ്ങൾക്ക് സമാനമായ മോഷ്ടാക്കളുടെ ചിത്രങ്ങൾ ലഭിച്ചത്.
കണ്ണ് ഒഴികെ മുഖം പൂർണമായി മറച്ച് അർധനഗ്നരായാണ് കുറുവ സംഘത്തിലെ അംഗങ്ങൾ രാത്രി ‘ഓപ്പറേഷന്' ഇറങ്ങാറുള്ളത്. രണ്ടു പേരുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇരുവരും മുഖം മറച്ചിട്ടുമുണ്ട്.
ഇവരുടെ വേഷത്തിൽ നിന്നും ശരീരഭാഷയിൽ നിന്നും കുറുവ സംഘത്തിലെ മോഷ്ടാക്കൾ തന്നെ എന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ പിടികൂടുക ശ്രമകരമായ ഭൗത്യമാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. തമിഴ്നാട്ടിൽ നിന്ന് ബസിലും ജീപ്പിലുമൊക്കെയാണ് ഇവർ കേരളത്തിൽ എത്തുക. സ്വന്തമായി വാഹനങ്ങൾ ഉപയോഗിക്കാറില്ല.
ഒരിടത്ത് തമ്പടിച്ചാൽ പകൽ ചെറിയ ജോലികൾ തേടി ആരും സംശയിക്കാത്ത രീതിയിൽ ചുറ്റിക്കറങ്ങും. ഇതിനിടയിൽ ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളും സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളും കണ്ടു വയ്ക്കും. എന്നിട്ട് രാത്രി മോഷണത്തിന് ഇറങ്ങും. രാത്രി പത്തിനും പുലർച്ചെ മൂന്നിനും മധ്യേ മോഷണം നടത്തി സ്ഥലം വിടുന്നതാണ് ഇവരുടെ രീതി. മോഷണ ശ്രമം ചെറുത്താൽ വീട്ടുകാരെ ക്രൂരമായി ആക്രമിക്കുകയും ചെയ്യും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറുകണക്കിന് മോഷണങ്ങൾ ഇവർ ഇതിനകം നടത്തിയിട്ടുണ്ട്. ഭൂരിഭാഗം കേസുകളിലും പോലീസിന് ആരേയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുമില്ല. കേരള -തമിഴ്നാട് അതിർത്തിയിലാണ് ഇവർ കൂട്ടത്തോടെ താവളമടിച്ചിട്ടുള്ളതും താമസിക്കുന്നതും. ഇവർ കേരളത്തിലാണ് കുറുവ എന്ന പേരിൽ അറിയപ്പെടുന്നത്. നരിക്കുറുവ എന്നാണ് തമിഴ്നാട്ടിലെ വിളിപ്പേര്. മോഷണം തന്നെയാണ് കുലത്തൊഴിൽ.
കോയമ്പത്തൂർ, കമ്പം, ബോഡിനായ്ക്കന്നൂർ, മധുര, തഞ്ചാവൂർ എന്നിവിടങ്ങളാണ് ഇവരുടെ താവളം. വീടുകളുടെ പിൻവാതിൽ തകർത്താണ് സംഘം അകത്ത് കയറുക. ഒരു സംഘത്തിൽ ഏറ്റവും കുറഞ്ഞത് മൂന്നു പേർ ഉണ്ടാകും.
കണ്ണുകൾ മാത്രം പുറത്ത് കാണാവുന്ന തരത്തിൽ തോർത്ത് തലയിൽ കെട്ടും. ഷർട്ടും കൈലിയും പ്രത്യേക രീതിയിൽ കെട്ടിവച്ച് അതിന് മുകളിൽ നിക്കർ ധരിക്കും.
ആരെങ്കിലും പിടികൂടാൻ ശ്രമിച്ചാൽ വഴുതി രക്ഷപ്പെടുന്നതിനായി ശരീരത്തിൽ എണ്ണ കുഴച്ച കരി പുരട്ടും. വീടുകളുടെ പുറകു വശത്ത് എത്തി കുട്ടികൾ കരയുന്ന ശബ്ദം ഉണ്ടാക്കിയും ടാപ്പിൽ നിന്ന് വെള്ളം തുറന്നു വിട്ടും കതക് തുറക്കാൻ വീട്ടുകാരെ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി. കതക് തുറന്ന് വീട്ടുകാർ പുറത്ത് ഇറങ്ങിയാൽ അവരെ ആക്രമിച്ച ശേഷം ഇരച്ചുകയറി കിട്ടുന്നതെല്ലാം കൈക്കലാക്കി സ്ഥലം വിടും.
ആയുധങ്ങൾ കാട്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വർണവും പണവും കവരുന്നതും ഇവരുടെ ശൈലിയാണ്. സ്ത്രീകളിൽ നിന്ന് ആഭരണങ്ങൾ മുറിച്ചെടുക്കാൻ ഇവർ ഉപയോഗിക്കുന്നത് പ്രത്യേക തരം കത്രികകളാണ്.
സംഘത്തിലെ ഒരാൾക്ക് മോഷണം നടത്തുന്ന സ്ഥലത്തെ കുറിച്ച് കൃത്യമായ വിവരം ഉണ്ടാകും. മോഷണ വേളയിൽ ഇവരുടെ സംസാരം മലയാളത്തിലായിരിക്കും. കവർച്ചയ്ക്കായി കണ്ടു വയ്ക്കുന്ന വീടുകളുടെ പരിസരം ഒന്നിലധികം തവണ നിരീക്ഷിച്ച് രക്ഷപ്പെടേണ്ട വഴികൾ അടക്കം നേരത്തേ തന്നെ നിശ്ചയിക്കും.
മോഷണം നടത്തിക്കഴിഞ്ഞാൽ നേരം പുലരും വരെ മുൻകൂട്ടി കണ്ടുവച്ച വിജനമായ പ്രദേശങ്ങളിൽ തങ്ങും. അതിനു ശേഷം തമിഴ്നാട്ടിലേയ്ക്ക് മടങ്ങും. അവിടെ തന്നെയാണ് മോഷണ മുതലുകൾ വിറ്റഴിക്കുന്നത്. പണം തീരുമ്പോൾ വീണ്ടും കവർച്ചയ്ക്കായി ഇവർ കേരളത്തിൽ തന്നെ മറ്റൊരു സ്ഥലം തെരഞ്ഞെടുക്കും. കൗമാരക്കാർ മുതൽ മധ്യ വയസ്കർ വരെ സംഘത്തിലുണ്ട് എന്നാണ് പോലീസ് പറയുന്നത്.