ഇൻസ്റ്റാഗ്രാമിലൂടെ തട്ടിപ്പ് : പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ
1466148
Sunday, November 3, 2024 6:39 AM IST
അഞ്ചല്‍: ഇൻസ്റ്റാഗ്രാമിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര സ്വദേശി ഷെമീർ അലിയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് ഷെമീർ അലി. ഇയാൾ സഞ്ജു എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു വലയിലാക്കിയാണ് നഗ്ന ചിത്രങ്ങൾ സ്വന്തമാക്കിയത്.
പെൺകുട്ടി ഒഴിഞ്ഞുമാറിയതോടെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയും ചൈൽഡ് ലൈനിൽ പരാതി നൽകുകയുമായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശ പ്രകാരം പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ഷെമീർ അലിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
മുപ്പത്തോളം കുട്ടികളെ ഇയാൾ ഇത്തരത്തിൽ വലയിലാക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് രാമനാട്ടുകരയിൽ നിന്ന് അഞ്ചൽ എസ്എച്ച് ഒ ഹരീഷ്, എസ്ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ, അനില്‍ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.