പാപ്പച്ചൻ കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി
1466687
Tuesday, November 5, 2024 6:44 AM IST
കൊല്ലം: ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥനായിരുന്ന കൈരളിനഗര്‍ കുളിര്‍മയില്‍ സി. പാപ്പച്ചനെ (82) കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അനിമോൻ, രണ്ടാം പ്രതി മാഹീൻ എന്നിവരുടെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ തള്ളി.
അതെ സമയം, കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതികൾ കസ്റ്റഡിയിൽ ഇരിക്കുന്ന കാലാവധിയിൽ തന്നെ കുറ്റപത്രം സമർപ്പിച്ച് ഇത്രയും വേഗത്തിൽ വിചാരണ തുടരാനാകുംവിധമാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സിസി ടിവി ദൃശ്യങ്ങളും ഫോണിൽ നിന്നും ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ, പ്രതികളുടെ വീടുകളിൽനിന്ന് കണ്ടെടുത്ത ബാങ്ക് ഇടപാടുകളുടെയും മറ്റു സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ, സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാർ, പാപ്പച്ചന്റേയും പ്രതികളുടെയും ബന്ധുക്കൾ, കൊലപാതകം നടന്ന സ്ഥലത്തിനടുത്ത് താമസിക്കുന്നവർ തുടങ്ങിയവരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയാറാക്കിയത്.
കേസിലെ നാലാംപ്രതിയും സരിതയുടെ സഹപ്രവർത്തകനുമായ അനൂപിനെ പോലിസ് മാപ്പുസാക്ഷിയാക്കുമെന്നാണ് സൂചന. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ ജി.മുണ്ടയ്ക്കൽ ഹാജരായി.
കഴിഞ്ഞ മേയ് 23 ന് ഉച്ചയ്ക്കാണ് ആശ്രാമം ശ്രീനാരായണ ഗുരു സമുച്ചയത്തിനു സമീപമുള്ള വിജനമായ റോഡില്‍ അനിമോന് ഓടിച്ച കാറിടിച്ച് പാപ്പച്ചനു ഗുരുതരമായി പരുക്കേറ്റത്.
ചികിത്സയിലിരിക്കെ പാപ്പച്ചന് മരിച്ചു. പിതാവിന്റെ സാമ്പത്തിക ഇടപാടില്‍ സംശയം ഉന്നയിച്ച് പാപ്പച്ചന്റെ മകള്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ആസൂത്രിതമായി നടത്തിയ കൊലപാതകമെന്നു തെളിഞ്ഞത്.