കോച്ച് ഗോപാലകൃഷ്ണനെ അനുസ്മരിച്ചു
1466672
Tuesday, November 5, 2024 6:44 AM IST
കൊല്ലം: ഫുട്ബോൾ കായിക മേഖലയിലെ ഇന്ത്യയിലെ എണ്ണം പറഞ്ഞ കോച്ചുമാരിൽ ഒരാളായിരുന്നു ഗോപാലകൃഷ്ണനെന്ന് ഇന്ത്യൻ ഫുട്ബോൾ മുൻ താരവും ക്യുഎഫ്എ ചെയർമാനുമായ സിയാദ് ലത്തീഫ്.
ക്വയിലോൺ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ നെടുന്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ സംഘടിപ്പിച്ച ഗോപാലകൃഷ്ണൻ അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളിൽ സംസ്ഥാനം ഇതുവരെ കണ്ട മികച്ച മിക്ക താരങ്ങളും ഉണ്ടാകും. ജീവിതകാലം മുഴുവൻ കായിക മേഖലയ്ക്ക് വേണ്ടിയും കായികതാരങ്ങളെ വാർത്തെടുക്കാനുമായി പരിശ്രമിച്ച വ്യക്തിയായിരുന്നു കെ.കെ. ഗോപാലകൃഷ്ണൻ.
1950 കളിൽ സ്കൂൾ കാലഘട്ടം മുതൽ ഫുട്ബോൾ താരമായി തിളങ്ങി, 1962 മുതൽ 68 വരെ കേരള ടീമിനുവേണ്ടി കളിച്ചു.1965 കേരള ടീം നായകനായി. ശ്രീലങ്കയിൽ 1963 ലും 1965 ലും നടന്ന പെന്റാഗുലർ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ചു. 1968 ഏഷ്യൻ കപ്പിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞു. അതേ വർഷം കോഴിക്കോട് നടന്ന ഇന്ത്യ ബർമ്മ മത്സരത്തിലും കളിച്ചു.
തുടർന്നാണ് കോച്ചിന്റെ വേഷണിഞ്ഞത്. 1970 ൽ ജലന്തറിൽ നടന്ന സന്തോഷ് ട്രോഫിയിലും കേരളത്തിന്റെ കോച്ചായിരുന്നു. ഏറെക്കാലം വിവിധ ടീമുകളുടെ കോച്ചായും പ്രവർത്തിച്ചു. കൊല്ലത്തിന്റെ കുണ്ടറ അലിൻഡ് ടീം താരമായി ഇന്ത്യൻ ടീം വരെ വളർന്ന അദ്ദേഹം എന്നും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് മികച്ച താരങ്ങളെ വളർത്തിക്കൊണ്ടുവരായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന തട്ടകം കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം ആയിരുന്നതായി അദ്ദേഹം പറഞ്ഞു.
ക്യുഎഫ്എ വൈസ് പ്രസിഡന്റ് ഷിബു മനോഹർ, ക്യുഎഫ്എ എവെർഗ്രീൻ അച്ചീവ്മെന്റ് അവാർഡ് ജേതാവ് രാജൻ കൈനോസ്, നിസാം, ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ ഫുട്ബോൾ കായിക പരിശീലകർ ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു.