മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് : എസ്എൽആർ ജീവനക്കാരന്റെ പെൻഷനിൽ തീരുമാനമെടുക്കണം
1466141
Sunday, November 3, 2024 6:39 AM IST
കൊല്ലം: ഭൂജല വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഓഫീസിൽ നിന്ന് എസ്എൽആർ തസ്തികയിൽ വിരമിച്ചയാൾക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതിൽ സർക്കാർ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ഭൂജല വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. തനിക്ക് വിരമിക്കൽ ആനുകൂല്യം ലഭിച്ചില്ലെന്ന് ആരോപിച്ച് കുതിരപ്പന്തി സ്വദേശി പി.പി.ജറോം സമർപ്പിച്ച സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഭൂജലവകുപ്പ് ഡയറക്ടറിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് പ്രകാരം ഗ്രാറ്റുവിറ്റി അനുവദിച്ചെങ്കിലും എസ്എൽആർ ജീവനക്കാർ റഗുലർ ജീവനക്കാരല്ലാത്തതിനാൽ കെഎസ്ആറിന്റെ പരിധിയിൽ വരുന്നതല്ലെന്ന് പിന്നീട് കണ്ടെത്തി. ഇവർ മുഴുവൻ സമയ സർക്കാർ ജീവനക്കാരല്ല. കേരള സർവീസ് ചട്ട പ്രകാരം സർക്കാർ ജീവനക്കാർക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹതയില്ല.
ഫീൽഡ് വർക്കിൽ വകുപ്പിലെ ജീവനക്കാരെ സഹായിക്കാനാണ് താത്കാലികമായി എസ്എൽആർ ജീവനക്കാരെ നിയമിക്കുന്നത്. ഒൻപതാം ശമ്പള പരിഷ്ക്കരണ ഉത്തരവിനൊപ്പമുള്ള എസ് എൽആർ ജീവനക്കാരുടെ പട്ടികയിൽ പരാതിക്കാരൻ ഉൾപ്പെട്ടിട്ടില്ല. ഇതാണ് സാഹചര്യമെങ്കിലും പരാതിക്കാരന് അർഹമായ കുടിശിക നൽകുന്നതിന് അനുമതി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
അപേക്ഷ സർക്കാരിന്റെ പരിഗണനയിലാണ്.പരാതിക്കാരനെ കേട്ട കമ്മീഷൻ മറ്റ് വരുമാന മാർഗങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് മനസിലാക്കി. 2021 ജനുവരി എട്ടിന് ഭൂജല വകുപ്പ് ഡയറക്ടർ ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയെടുത്തതായി കാണുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.