സിപിഎം പുനലൂർ ഏരിയ സമ്മേളനം ഇന്നു മുതൽ
1466144
Sunday, November 3, 2024 6:39 AM IST
പുനലൂർ: സിപിഎം ഇരുപത്തി നാലാം പാർട്ടി കോൺഗ്രസിന് മുന്നോടിയായിട്ടുള്ള സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായിട്ടുള്ള പുനലൂർ ഏരിയ സമ്മേളനം ഇന്നു മുതൽ അഞ്ച് വരെ ടൈറ്റസ് സെബാസ്റ്റ്യൻ നഗറിൽ (സ്വയംവരാ ഹാൾ പുനലൂർ) നടക്കും. ജില്ലയിലെ ആദ്യ ബ്രാഞ്ച് സമ്മേളനം അച്ചൻകോവിലിൽ ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഏരിയയിലെ 157 ബ്രാഞ്ച് സമ്മേളനങ്ങളും 11 ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കി ഏരിയ സമ്മേളനത്തിലേക്ക് കടക്കുകയാണ്.
ഏരിയയിലെ 2772 പാർട്ടി മെമ്പർമാരുടെ പ്രതിനിധികളായി വിവിധ ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്തഏരിയ സമ്മേളന പ്രതിനിധികളായി 144 പേരും ഏരിയ കമ്മിറ്റി അംഗങ്ങളായ 20 പേരും,ജില്ലാ, സംസ്ഥാന നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളന ഭാഗമായി പതാകദിനമായി ആചരിച്ചു.
എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തി. പുനലൂർ ഏരിയ കമ്മറ്റി ഓഫീസിൽ മുതിർന്ന ഏരിയ കമ്മറ്റിയംഗം ആർ. സുഗതൻ പതാക ഉയർത്തി.ഇന്നലെ സമ്മേളന നഗരിയിൽ സ്ഥാപിക്കാനുള്ള പതാകയും, കൊടിമരവും എത്തിക്കുന്നതിനുള്ള പതാക കൊടിമര ജാഥകളും നടന്നു.
ഇന്നും നാളെയുമായി പ്രതിനിധി സമ്മേളനം ടൈറ്റസ് സെബാസ്റ്റ്യൻ നഗറിൽ ചേരും. സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജെ. മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
അഞ്ചിന് വൈകുന്നേരം നാലിന് ടിബി ജംഗ്ഷനിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്ന ബഹുജന മാർച്ചും, റെഡ് വാളണ്ടിയർ പരേഡും നടക്കും.
സമ്മേളനം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കും.