പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിൽ നഴ്സുമാർ പണിമുടക്കി
1466679
Tuesday, November 5, 2024 6:44 AM IST
ചാത്തന്നൂർ: ഹോസ്റ്റലിൽ നിന്ന് നഴ്സുമാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളജിൽ നഴ്സുമാർ പണിമുടക്കി.
മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയെത്തിയനഴ്സിംഗ് വിദ്യാർഥികൾക്ക് ഹോസ്റ്റൽ ലഭിക്കാത്തതിനെ തുടർന്ന് വിദ്യാർഥികളും രക്ഷകർത്താക്കളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് നഴ്സുമാർ പണിമുടക്കിയത്.
നഴ്സിംഗ് വിദ്യാർഥിൾക്കായുള്ള ഹോസ്റ്റലിൽ നഴ്സുമാരാണ് താമസിക്കുന്നത്. തിങ്കളാഴ്ച അഡ്മിഷൻ ലഭിച്ചെത്തിയ കുട്ടികൾ ഹോസ്റ്റൽ ലഭിക്കാത്തതിനാൽ പ്രതിഷേധവുമായെത്തി. ഹോസ്റ്റലിൽ താമസിക്കുന്ന നഴ്സുമാർ മാറി കൊടുക്കണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം.
ഇത് അംഗീകരിക്കാൻ നഴ്സുമാർ തയാറായില്ല. താമസിക്കാൻ നൽകിയ സ്ഥലത്തു നിന്ന് മാറാൻ കഴിയില്ലെന്ന വാദത്തിലാണ് നഴ്സുമാർ. ഇതേ തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ ഇരുകൂട്ടരുമായി ചർച്ച നടത്തിവരികയാണ്. നഴ്സുമാർക്ക് താമസിക്കാൻ ഹോസ്റ്റലും ക്വാർട്ടേഴ്സുമില്ല.
2024-25 അധ്യായന വർഷത്തിൽ അഡ്മിഷൻ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യങ്ങൾ നല്‍കുന്നതിന് കഴിഞ്ഞ ആഴ്ചയിൽ മെഡിക്കല്‍ കോളജ് അധികാരികള്‍ നടത്തിയ സ്പേസ് ഓഡിറ്റ് പരിശോധനയില്‍ 19 ഒഴിഞ്ഞ മുറികള്‍ കണ്ടെത്തുകയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട കൈമാറുകയും ചെയ്തു. എന്നാൽ പുതിയ നിലയിലെ 14 മുറികള്‍ ഒഴിഞ്ഞു നൽകാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മറ്റു നിരവധി സംവിധാനങ്ങള്‍ കുട്ടികളുടെ താമസ സൗകര്യം ഏര്‍പ്പെടുത്താൻ ഉണ്ടായിട്ടും നഴ്സുമാരെ പൂര്‍ണമായി ഹോസ്റ്റലില്‍ നിന്നു പുറത്താക്കാന്‍ സ്വീകരിച്ച നടപടിയാണ് പ്രതിഷേധത്തിനിടയാക്കിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്ന മറ്റു സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തണമെന്നാണ് നഴ്സുമാർ ആവശ്യപ്പെടുന്നത്.
വിദ്യാര്‍ഥികളുടെ താമസം ഉറപ്പാക്കാന്‍ നടത്തിയ ചർച്ചകളിൽ കൈക്കൊണ്ട ജനാധിപത്യപരമായ തീരുമാനം നടപ്പാക്കാതെ വ്യക്തി താല്പര്യങ്ങള് നടപ്പാക്കുന്ന നടപടികളാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്ന് നഴ്സുമാർ ആരോപിക്കുന്നു.
നഴ്സുമാരുടെ ഹോസ്റ്റൽ സംവിധാനം ഇല്ലാതാക്കി നഴ്സുമാരെ പുറത്താക്കുന്ന നടപടികളില്‍ നിന്ന് അധികാരികള്‍ പിൻമാറാത്തതിൽ പ്രതിഷേധിച്ചാണ് കെജിഎൻഎ കൊല്ലം ജില്ലാ കമ്മിറ്റിയുടേയും പാരിപ്പള്ളി ഏരിയ കമ്മിറ്റിയുടേയും ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍വശത്ത് 24 മണിക്കൂര്‍ പെരുവഴി സമരം ആരംഭിച്ചത്.
നഴ്സുമാരുടെ ഹോസ്റ്റല്‍ നിലനിര്‍ത്തി ലഭ്യമായ മറ്റു സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പാക്കുന്നത് വരേയും സംഘടന 24 മണിക്കൂര്‍ പെരുവഴി സൂചന സമരം നടത്താനാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി നിഷ ഹമീദ് ഉദ്ഘാടനം ചെയ്തു .
ജില്ലാ പ്രസിഡന്റ് ആർ. നീതു അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എസ്. ഹമീദ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ബീവ, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ആർ. മനു, എം.ആർ. അരുൺ ബാബു, ജില്ലാ സെക്രട്ടറി എ. അനീഷ് എന്നിവർ പ്രസംഗിച്ചു.