രാമൻകുളങ്ങരയുടെ പേരിൽ ഡിവിഷൻ അനുവദിക്കണം
1466493
Monday, November 4, 2024 6:32 AM IST
കൊല്ലം: രാമൻകുളങ്ങരയുടെ പേരിൽ കോർപ്പറേഷൻ ഡിവിഷൻ അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമൻകുളങ്ങര യൂണിറ്റ് ആവശ്യപ്പെട്ടു.
ശക്തികുളങ്ങര മുതൽ പള്ളിമുക്ക് വരേയും മറ്റൊരു അതിർത്തിയായ കരിക്കോട് വരേയും പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും അതത് സ്ഥലങ്ങളുടെ പേരിൽ വാർഡുകൾ ഉള്ളപ്പോൾ രാമൻകുളങ്ങരയുടെ പേരിൽ മാത്രം ഡിവിഷൻ ഇല്ലാത്തത് അവഗണനയാണെന്ന് യോഗം വിലയിരുത്തി. കോർപ്പറേഷനിൽ പുതിയ പദ്ധതികൾക്ക് രൂപം കൊടുക്കുമ്പോൾ രാമൻകുളങ്ങരയും പരിസരപ്രദേശങ്ങളും തീർത്തും അവഗണിക്കപ്പെടുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു.
പുതിയതായി വാർഡുകളും അതിർത്തികളും പുനർനിർണയിച്ചതിന്റെ കരടിലും രാമൻകുളങ്ങര എന്ന പേരിൽ ഡിവിഷൻ ഇല്ല. എത്രയും വേഗം ജനപ്രതിനിധികളും കോർപ്പറേഷനും സർക്കാരും മുൻകൈയെടുത്ത് രാമൻകുളങ്ങരയുടെ പേരിൽ ഡിവിഷൻ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ഭാരവാഹികളായ എസ്. ഷാജി, ജെസി കെ. ബാബു, സന്തോഷ് രവി, എം.എം. സലിം, വി.പി. സജീവ്, മുഹമ്മദ് നൗഫൽ, എസ്. സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.