ഭീഷണിയായി നിലമേല്‍ - മടത്തറ പാതയിലെ കൊടുംവളവുകള്‍
1466484
Monday, November 4, 2024 6:32 AM IST
ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴ് ജീവനുകൾ
കടയ്ക്കല്‍: നിലമേല്‍ - മടത്തറ പാതയിലെ കൊടും വളവുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പാരിപ്പള്ളി -മടത്തറ സംസ്ഥാന പാതയുടെ ഭാഗമായ നിലമേല്‍ മുതല്‍ മടത്തറ വരെ പത്തിലേറെ കൊടും വളവുകളാണുള്ളത്. ഈ മേഖലയില്‍ അപകടം പതിവാണ്. കൂടുതലും ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്. അപകടം നടക്കാത്ത ദിവസമില്ല.
പാത പുനരുദ്ധാരണവേളയില്‍ വളവുകള്‍ നിവര്‍ത്തി നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും നടന്നിട്ടില്ല. പല വളവുകളിലും ആവശ്യത്തിനു പുറമ്പോക്കുണ്ടായിട്ടും ഏറ്റെടുത്ത് വളവുകള്‍ മാറ്റുന്നതിനുള്ള നടപടിയില്ല.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴ് ജീവനാണ് മേഖലയില്‍ വളവുകളിലെ അപകടത്തില്‍ പൊലിഞ്ഞത്. ഒട്ടേറെപ്പേര്‍ക്ക് സാരമായി പരിക്കേറ്റു.മത്സര ഓട്ടവും അശ്രദ്ധയായി വാഹനം ഓടിക്കുന്നതും അമിത വേഗവുമാണ് അപകട കാരണം.
ദിവസങ്ങള്‍ക്കു മുന്‍പ് രാത്രി ദര്‍പ്പക്കാട് ജംഗ്ഷനു സമീപത്തുള്ള വളവില്‍ അമിതവേഗത്തില്‍ വന്ന ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചതാണ് അപകടപരമ്പരയില്‍ അവസാനത്തേത്. സമീപത്താണ് രണ്ടുമാസം മുന്‍പ് ഇരുചക്രവാഹനയാത്രികനായ പ്രവാസിക്ക് സ്വകാര്യ ബസിന്റെ അമിതവേഗം കാരണം ജീവന് നഷ്ടപ്പെട്ടത്.
സ്വകാര്യ ബസുകളും ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളും അപകടവളവുകളില്‍ ഉള്‍പ്പെടെ അമിതവേഗത്തിലാണ് ചീറിപ്പായുന്നത്. പൊലീസിന്റേയോ മോട്ടോര്‍ വാഹന വകുപ്പിന്റേയോ പരിശോധനയും ഈ മേഖലയില്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കടയ്ക്കല്‍, ചിതറ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ചടയമംഗലം ആര്‍ടിഒയ്ക്കു കീഴില്‍വരുന്ന പ്രദേശങ്ങളാണിവിടം.
മടത്തറ തോഴിയില്‍, തുമ്പമണ്‍ തൊടിക്കും വളവുപച്ചയ്ക്കും ഇടയ്ക്ക്, മുള്ളിക്കാട് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ചിതറ ശ്രീകൃഷ്ണന്‍കോവില്‍, ദര്‍പ്പക്കാട്, പാങ്ങലുകാട്, ആമ്പാടിമുക്ക്, പള്ളിമുക്ക്, സീഡ് ഫാം ജംഗ്ഷന്, കടയ്ക്കല്‍ പാട്ടിവളവ്, കാര്യം മൂലോട്ടിവളവ്, ആഴാന്തക്കുഴി, വെള്ളാമ്പാറ എസ്ഐ വളവ് എന്നിവ സ്ഥിരം അപകടമേഖലകളാണ്.