സിപിഎം കൊല്ലം ഏരിയ സമ്മേളനം : പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം
1466131
Sunday, November 3, 2024 6:29 AM IST
കൊല്ലം: സിപിഎം കൊല്ലം ഏരിയ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം.
പാര്‍ട്ടിയും പോലീസും സര്‍ക്കാരും വ്യത്യസ്ത വഴിയ്ക്ക് സഞ്ചരിക്കുന്നുവെന്നാണ് വിമര്‍ശനം ഉയർന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും കുറ്റപ്പെടുത്തല്‍ ഉണ്ടായി.
ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികത്തില്‍ അവരുടെ സംഘടനയായ ബിജെപി രാജ്യം ഭരിക്കുന്നുവെന്നും 100 വര്‍ഷം പിന്നിട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് രാജ്യത്ത് ശക്തി ക്ഷയിക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നു.
ഏരിയാ കമ്മിറ്റി അംഗങ്ങളുടെ വ്യക്തിതാല്പര്യമാണ് ലോക്കല്‍ സമ്മേളനത്തില്‍ നടന്നതെന്നും ആക്ഷേപം ഉയർന്നു. എഡിഎം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർട്ടിക്ക് ജനമധ്യത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയതായും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇത് ഇപ്പോൾ നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളെ ബാധിച്ചേക്കാമെന്നും ചർച്ചയിൽ ചിലർ ആശങ്ക പങ്കുവച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എം. മുകേഷ് എംഎൽഎയെ സ്ഥാനാർഥിയാക്കിയതിനെതിരേയും സമ്മേളനത്തിൽ കടുത്ത വിമർശനം ഉയർന്നു.
ദീർഘവീക്ഷണം ഇല്ലാത്ത സ്ഥാനാർഥി നിർണയമാണ് ദയനീയ പരാജയത്തിന് കാരണമായതെന്നും കുറ്റപ്പെടുത്തൽ ഉണ്ടായി.
മേയർ പ്രസന്ന ഏണസ്റ്റിനെതിരേയും വിമർശനം ഉയർന്നു. കോർപ്പറേഷൻ പരിധിയിൽ ബിജെപിയുടെ സ്വാധീനം വർധിക്കുന്നത് ഗൗരവത്തോടെ കാണണമെന്നും ചില പ്രതിനിധികൾ അഭിപ്രായപ്പെട്ടു.