നിർധന കുടുംബത്തിന് വീട് നിർമിച്ച് നൽകി ഷാർജ,കരിക്കം വൈഎംസിഎകൾ
1465926
Saturday, November 2, 2024 6:32 AM IST
കൊട്ടാരക്കര: കരുതലിന്റേയും കാരുണ്യത്തിന്റേയും ജീവമുഖം പകർന്ന് മാനവ സാഹോദര്യത്തിന്റെ വിളംബരവുമായി വീണ്ടും ഷാർജ, കരിക്കം വൈഎംസികൾ. ഗൾഫിലെ അധ്വാനത്തിന്റെ ഒരു ഭാഗം സ്നേഹ തണലൊരുക്കാൻ മാറ്റി വച്ചപ്പോൾ നിർധന കുടുംബത്തിന് കൂടി ഭവനം നൽകാൻ വഴിയൊരുങ്ങി. രണ്ടാം തവണയാണ് ഷാർജ വൈഎംസിഎയുടെ നേതൃത്വത്തിൽ കരിക്കത്ത് സ്നേഹ ഭവനം നിർമിച്ചു നൽകുന്നത്. ഷാർജ വൈഎംസിഎയുടെ 20-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇക്കുറി ഭവനദാന പ്രോജക്ട് നടപ്പാക്കിയത്.
താക്കോൽ ദാന ചടങ്ങും എക്യുമെനിക്കൽ സ്നേഹ കൂട്ടായ്മയും പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ നടന്നു. മലങ്കര ഓർത്തഡോക്സ് സഭ മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ നാടിന്റെ വികസനത്തിന് നൽകുന്ന സേവനങ്ങൾ മഹത്തരമെന്നും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വൈഎംസിഎ ആവിഷ്ക്കരിക്കുന്ന കർമപദ്ധതികൾ മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. കരിക്കം എസ്ഡിഎ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽവൈഎംസിഎ പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
സ്നേഹഭവനത്തിന്റെ താക്കോൽദാനം ഷാർജ വൈഎംസിഎ പ്രസിഡന്റ് അലക്സ് വർഗീസ് കുഴിവേലിൽ, മുൻ പ്രസിഡന്റ് ഷാജി ഐക്കര എന്നിവർ ചേർന്ന് നിർവഹിച്ചു. ദേശീയ മുൻ പ്രസിഡന്റ് ലെബി ഫിലിപ്പ് മാത്യു മുഖ്യ പ്രഭാഷണവും എസ്ഡിഎ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പാസ്റ്റർ ആൽവിൻ ചാക്കോ അനുഗ്രഹ പ്രഭാഷണവുംനടത്തി. മേലില പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷീജോമോൻ,
പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു, യുആർഐ ഏഷ്യ കോഡിനേറ്റർ ഡോ. ഏബ്രഹാം കരിക്കം, ഫിനാൻസ് കൺവീനർ മാത്തൻ ഉമ്മൻ, സെക്രട്ടറി എം. തോമസ്, പ്രോഗ്രാം കൺവീനർ മാത്യു വർഗീസ്, സബ് റീജിയൻ കൺവീനർ പി. ജോൺ, തോമസ് ജോർജ്, ഷിബു കെ. ജോർജ്, ഒ. അച്ചൻ കുഞ്ഞ്, പിഎംജി കുരാക്കാരൻ, പി.വൈ. തോമസ്, വി. വർഗീസ്, സജിയോഹന്നാൻ, സി.പി. ശാമുവേൽ, കെ.കെ. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.