അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു: പ്രധാന കേസുകളിൽ വാദം നടന്നില്ല
1452478
Wednesday, September 11, 2024 5:51 AM IST
കൊല്ലം: ആലപ്പുഴയില്‍ അഭിഭാഷകനെ പോലിസ് ഉദ്യോഗസ്ഥന് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതി നടപടികള്‍ ബഹിഷ്കരിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പരിഗണിക്കാനിരുന്ന കളക്ടറേറ്റ് സ്ഫോടന കേസ്, ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് തുടങ്ങി വിവിധ കേസുകളുടെ വാദം മാറ്റി.
കളക്ടറേറ്റ് സ്ഫോടന കേസ് 25 -ലേയ്ക്കാണ് മാറ്റിയത്. കേസിലെ പ്രതിഭാഗം തെളിവ് ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ വാദം നടക്കാനിരിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി ക്രിമിനല്‍ചട്ടം 313 വകുപ്പ് അനുസരിച്ച് മൊഴിയെടുത്തിയിരുന്നു.
ഓയൂർ ഓട്ടുമലയില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ തുടര്‍ അന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയില്‍ ഇന്ന് വാദം നടക്കും. അന്വേഷണത്തിന് നേതൃത്വം നല്കിയ ജില്ലാ റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസാണ് അപേക്ഷ നല്‍കിയത്. അന്വേഷണം തൃപ്തികരമല്ലെന്ന തരത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഒരു വാര്‍ത്താ ചാനലിന് അഭിമുഖം നല്കിയ പശ്ചാത്തലത്തിലാണ് അപേക്ഷ നല്‍കിയത്.
കേസ് വിചാരണയിലേക്ക് അടുക്കുന്ന ഘട്ടത്തില്‍ അന്വേഷണം പൂര്‍ണമല്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പ്രതിഭാഗത്തിനു ഗുണകരമാകുമെന്നു വിലയിരുത്തുന്നു. അതിനെ തടയിടാന്‍ കൂടിയാണ് തുടര്‍ അന്വേഷണത്തിന് അപേക്ഷ നല്‍കിയത്. കേസില്‍ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്.പത്മകുമാര്‍ (53), ഭാര്യ എം.ആര്.അനിതാകുമാരി (46), മകള്‍ പി.അനുപമ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ക്കൊപ്പം മറ്റൊരു പുരുഷന് കൂടി കാറില്‍ ഉണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹോദരന് പോലിസിനു നല്കിയ പ്രാഥമിക മൊഴിയില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നായിരുന്നു പിതാവിന്റെ ചാനലിലെ പരാമർശം. എന്നാല്‍ കാറില്‍ മൂന്നു പേര് മാത്രമായിരുന്നുവെന്നാണ് ആറുവയസുകാരിയുടെ മൊഴിയില്‍ പറയുന്നത്. തുടര്‍ അന്വേഷണം പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തുവാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
പിതാവിന്റെ വെളിപ്പെടുത്തലിൽ പ്രതിഭാഗത്തിന്റെ സ്വാധീനം ഉണ്ടോ എന്നതടക്കം തുടർ അന്വേഷണത്തിൽ പരിശോധിക്കപ്പെടണം എന്നാണ് പ്രോസിക്യൂഷൻ നിലപാടെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻ രാജും വ്യക്തമാക്കി.