ആദിവാസി സെറ്റിൽമെന്റുകളിൽ വിദേശമദ്യ വില്പന; റൂറൽ പോലീസ് മേധാവിക്ക് ഊര് മക്കളുടെ പരാതി
1591814
Monday, September 15, 2025 6:11 AM IST
കുളത്തൂപ്പുഴ : വില്ലുമല ആദിവാസി കാണി സെറ്റിൽമെന്റ്ഏരിയകളിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുവാൻ അമ്പതേക്കർ എൽപി സ്കൂളിൽ എത്തിയ ജില്ലാ റൂറൽ പോലീസ് മേധാവിക്ക് മുൻപാകെ കുളത്തൂപ്പുഴ പോലീസിനെതിരെ പരാതി.
എൽപി സ്കൂളിൽ നടന്ന ആദിവാസി ക്ഷേമ ബോധവത്കരണ യോഗത്തിൽ കുളത്തൂപ്പുഴ പോലീസിനെതിരെ നാട്ടുകാരാണ് പരാതികൾ ഉന്നയിച്ചത്. പ്രദേശത്ത് വിദേശമദ്യം വാങ്ങി ചെറിയ അളവിൽ കൂടിയ വിലയ്ക്ക് വിറ്റഴിക്കുന്ന സംഘങ്ങളുണ്ടെന്നും ഇവരെക്കുറിച്ച് രഹസ്യവിവരം നൽകുന്നവരുടെ വിവരം ചോർത്തി നൽകുന്നതായിട്ടാണ് ആരോപണം ഉണ്ടായത്.
ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലുമാണ് വിദേശമദ്യം എത്തിക്കുന്നതെന്നും പോലീസ് പരിശോധന കർശനമല്ലെന്നും ആക്ഷേപം ഉയർന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും ആദിവാസിക്ഷേമം ഉറപ്പാക്കുന്നത് വിലയിരുത്താനും വേണ്ടിയാണ് ജില്ലാ പോലീസ് മേധാവി, ഊരുനിവാസികൾ, ജനപ്രതിനിധികൾ, വനപാലകർ എന്നിവരുടെ യോഗം കൂടിയത്. ജില്ലാ റൂറൽ പോലീസ് മേധാവി വിഷ്ണു പ്രദീപ് യോഗം ഉദ്ഘാടനം ചെയ്തു.
എ എസ് പി അപർണ അധ്യക്ഷത വഹിച്ചു.വനത്തിനുള്ളിൽ മരണപ്പെട്ട പ്രദേശവാസികളായ വാസു, ഷെഫീക്ക് എന്നിവരുടെ ഡിഎൻഎ പരിശോധനാഫലം വർഷങ്ങൾ കഴിഞ്ഞിട്ടും ലഭ്യമായിട്ടില്ല. ഇതു മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു ആനുകൂല്യവും ലഭ്യമായിട്ടില്ലെന്നും യോഗത്തിൽ പരാതി ഉയർന്നു.
വന്യമൃഗ ശല്യത്തെക്കുറിച്ചും വഴിവിളക്ക് കത്താത്തതിനെ സംബന്ധിച്ചുള്ള പരാതികളും യോഗത്തിൽ ഉണ്ടായി. തുടർന്ന് പരാതി ക്കാർ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് ഊരുനിവാസികൾക്ക് പോലീസ് മേധാവി ഉറപ്പുനൽകി.
കുളത്തൂപ്പുഴ പോലീസ് എസ് എച്ച് ഒ ബി. അനീഷ്, തെന്മല വനം റെയ്ഞ്ച് ഓഫീസർ സെൽവരാജ്, എസ് ഐ എം. ഷാജഹാൻ, വാർഡ് മെമ്പർ അജിത, ഊര് മൂപ്പന്മാരായ തങ്കപ്പൻകാണി, അപ്പു കുട്ടൻകാണി, മൂപ്പത്തി ശകുന്തള തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.