‘ആ കാമറ ഐസക്കിന്റെ ഹൃദയമായിരുന്നു’
1591819
Monday, September 15, 2025 6:18 AM IST
കുണ്ടറ : ആറുപേർക്ക് പുതു ജീവിതം നൽകിയ ഐസക്കിന്റെ സംസ്കാരത്തിന് മൃതദേഹത്തോടൊപ്പം ഒരു കാമറ കൂടിവച്ചാണ് സംസ്കാരം നടത്തിയത്. ചിത്രരചനയിലും സംഗീതത്തിലും അഭിരുചിയുള്ള ഐസക്കിന്റെ മൃതശരീരത്തിൽ കാമറയ്ക്കുള്ള പ്രത്യേകത എന്താണ് എന്നാണ് വന്നവരെല്ലാം അതിശയത്തോടെ ചോദിച്ചത്. ഫോട്ടോഗ്രഫർ എന്ന നിലയിൽ ഐസക്ക് ജീവിതത്തിൽ ആദ്യമായി ക്ലിക്ക് ചെയ്ത എഫ് എം 10 കാമറയായിരുന്നു അത്.
ഐസക്കിന്റെ ഹൃദയഭാഗത്തോടു ചേർത്ത് വച്ച് സുഹൃത്ത് ഉദയൻ പറഞ്ഞു. ‘ഇത് എന്റേതല്ല, നിന്റേതാണ്'. 13വർഷങ്ങൾക്ക് മുൻപ് കാമറ ഇങ്ങു തന്നേക്കാമോയെന്ന ഐസക്കിന്റെ ചോദ്യത്തിന് ഇന്നലെയാണ് ഉദയൻ മറുപടി നൽകിയത്.
ഒരുമിച്ച് ഒരു കാറിൽ ബംഗ്ളൂരു യാത്രയിലാണ്എഴുകോൺ ഇരുമ്പനങ്ങാട് സ്വദേശി ഉദയനും കേവലം 18 വയസ് മാത്രം പ്രായമുള്ള തലവൂർ വടകോട് ബഥേൽ ചരുവിളയിൽ ഐസക്ക് ജോർജും പരിചയപ്പെടുന്നത്. കാമറാമാനായിരുന്ന ഉദയന്റെ കൈയിലിരുന്ന കാമറ കണ്ട്, ഫോട്ടോഗ്രഫിയിലേക്ക് തന്റെ ഭാവിയെ വഴി മാറ്റിയ ഐസക്ക് ആദ്യം ക്ലിക്ക് ചെയ്ത കാമറ ഇതായിരുന്നു. ആ യാത്ര കഴിഞ്ഞപ്പോഴേക്കും ഐസക്ക് ഫോട്ടോ എടുക്കാനും പഠിച്ചിരുന്നു.
പിന്നീട് നാട്ടിലെത്തി ഫോട്ടോഗ്രഫി ജീവിത വഴിയായി തെരഞ്ഞെടുത്തപ്പോഴും ഉദയന്റെ ഈ കാമറ പലപ്പോഴും ഒപ്പം കൂട്ടി. ഇതിനിടയിലാണ് ആ കാമറ ഇങ്ങു തന്നേക്കുമോയെന്ന് ഐസക്ക് ജോർജ് ഉദയനോടു ചോദിച്ചത്. വർഷങ്ങൾ കഴിഞ്ഞു അപകട വിവരം അറിഞ്ഞ് ഉദയൻ ആശുപത്രിയിലെത്തിയെങ്കിലും ഐസക്കിനെ കാണാൻ കഴിഞ്ഞില്ല.
പ്രിയ ചങ്ങാതിക്ക് കാമറ നൽകാൻ കഴിഞ്ഞില്ലല്ലോയെന്ന വേദനയ്ക്ക് പരിഹാരമായാണ് ഐസക്കിന്റെ മൃതദേഹത്തിനൊപ്പം കല്ലറയിൽ കാമറയും വയ്ക്കാമെന്നു ഉദയൻ തീരുമാനിക്കുന്നത്. മറ്റൊരു സുഹൃത്ത് വഴി വീട്ടുകാരുടെയും പള്ളി വികാരിയുടെയും സമ്മതത്തോടെ ഒടുവിൽ മൃതദേഹത്തോടൊപ്പം പ്രിയപ്പെട്ടവൻ ചോദിച്ച കാമറയും അടക്കം ചെയ്തു.