അലയമണ് പഞ്ചായത്തില് ഹരിതസഭ സംഘടിപ്പിച്ചു
1301152
Thursday, June 8, 2023 11:25 PM IST
അഞ്ചൽ: നവകേരളം പദ്ധതിയുടെ ഭാഗമായുള്ള മാലിന്യ നിര്മാര്ജനം, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനും ഇതുവരെയുള്ള പ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനുമായി അലയമണ് ഗ്രാമപഞ്ചായത്തില് ഹരിതസഭ ചേര്ന്നു.
കരുകോണില് ചേര്ന്ന ഹരിതസഭ വൈസ് പ്രസിഡന്റ് ജി പ്രമോദിന്റെ അധ്യക്ഷതയില് പ്രസിഡന്റ് അസീന മനാഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ കൃത്യമായ ഇടപെടീലിനെ തുടര്ന്ന് പൊതുനിരത്തുകളില് ഉള്പ്പടെ മാലിന്യം തള്ളുന്നതില് വലിയൊരളവ് വരെ കുറവ് വന്നിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില് ചിലരെങ്കിലും ഇപ്പോഴും സ്വന്തം മാലിന്യങ്ങള് പാതയോരത്തും ആളൊഴിഞ്ഞ മേഖലകളിലും വലിച്ചെറിയുന്നുണ്ട്. ഇത്തരക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അസീന മനാഫ് പറഞ്ഞു
സ്ഥിരം സമിതി അധ്യക്ഷ ഗീതാകുമാരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്ന്ന് വിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്ച്ചയും നടന്നു. ഇതുവരെ നടന്ന പ്രവര്ത്തനങ്ങള് പ്രതിസന്ധികള് നടപടികള് എല്ലാം ഗ്രൂപ്പുതല ചര്ച്ചയില് ഉള്പ്പെട്ടു. പഞ്ചായത്തിലെ ഹരിതകര്മസേനാ പ്രവര്ത്തകരേയും ഇതിനു നേതൃത്വം നല്കുന്നവരേയും ഹരിതസഭയില് ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. മുരളി, മിനി ദാനിയേല് ഗ്രാമപഞ്ചായത്ത് അംഗങ്ങള് വിവിധ സര്ക്കാര് വകുപ്പുകളില് നിന്നും ഉദ്യോഗസ്ഥര് ആരോഗ്യപ്രവര്ത്തകര്, അങ്കണവാടി, ആശാവര്ക്കര്മാര് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില് ഉള്ളവര് ഹരിതസഭയില് പങ്കെടുത്തു.