ദേശീയപാതയിൽ ഈവർഷം പൊലിഞ്ഞത് 25 ജീവനുകൾ
1590959
Friday, September 12, 2025 1:44 AM IST
കാസർഗോഡ്: ജില്ലയിൽ പുതിയ ദേശീയപാത നിർമാണം പൂർത്തിയാകുന്നതിനുമുമ്പേ ഈ വർഷം മാത്രം അതിലുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത് 25 ജീവനുകൾ. മുൻവർഷങ്ങളിൽ പണി നടക്കുന്നതിനിടെ പാതയോരത്തെ കുഴികളിലേക്ക് വാഹനങ്ങൾ മറിഞ്ഞും മറ്റുമുണ്ടായ അപകടങ്ങളിലും ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇന്നലെ സംഭവിച്ചതുൾപ്പെടെ നിർമാണ പ്രവൃത്തികൾക്കിടയിലുണ്ടായ അപകടങ്ങൾ ഇതിനു പുറമേയാണ്.
ഈവർഷം മാത്രം തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള ഭാഗത്ത് ദേശീയപാതയിൽ ചെറുതും വലുതുമായ 119 വാഹനാപകടങ്ങൾ നടന്നതായാണ് മോട്ടോർവാഹന വകുപ്പിന്റെ കണക്ക്.
61 പേർക്ക് ഗുരുതരമായും 93 പേർക്ക് സാരമായും പരിക്കേറ്റു. പുതിയ പാതയുടെ നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ വാഹനങ്ങളുടെ അമിതവേഗതയും അതിവേഗ പാതയിലെ ട്രാഫിക് നിബന്ധനകൾ പാലിക്കാത്തതുമാണ് മിക്കപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
പലയിടങ്ങളിലും സർവീസ് റോഡുകളിൽ നിന്ന് ദേശീയപാതയിലേക്കും തിരിച്ചും പ്രവേശിക്കുന്നതിനുള്ള കൃത്യമായ സ്ഥാനങ്ങൾ അടയാളപ്പെടുത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങൾ തോന്നുംപടി പ്രവേശിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. പടന്നക്കാട് മേൽപ്പാലത്തിനു സമീപം അടുത്തിടെയുണ്ടായ രണ്ട് അപകടങ്ങളും ഇങ്ങനെയായിരുന്നു. അടിപ്പാതകളോ മേൽനടപ്പാതകളോ ഇല്ലാത്ത ഇടങ്ങളിൽ ഇപ്പോഴും കാൽനടയാത്രക്കാർ പഴയപടി ദേശീയപാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതും അപകടകാരണമാകുന്നു.
ആറുവരിപ്പാതയുടെ ഒരു വശത്തിന്റെ മാത്രം പണി പൂർത്തിയായ പലയിടങ്ങളിലും ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങൾ അമിതവേഗതയിൽ തന്നെ അതുവഴി കടന്നുപോകുന്നുണ്ട്. പ്രധാനപാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ലെന്ന നിബന്ധനയും തത്കാലം പാലിക്കപ്പെടുന്നില്ല.
ഇന്നലെ സംഭവിച്ചതുൾപ്പെടെ നിർമാണ പ്രവൃത്തികൾക്കിടയിലുണ്ടായ അപകടങ്ങളിലേറെയും കരാറുകാരുടെ അശ്രദ്ധയും പെട്ടെന്ന് പണിതീർത്തുപോകാനുള്ള ശ്രമങ്ങളും മൂലമുണ്ടായതാണ്.
മേഘ എൻജിനിയറിംഗിനു കീഴിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്താണ് മാസങ്ങൾക്കുമുമ്പ് ചെറുവത്തൂർ മട്ടലായിക്കുന്നിൽ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടത്. ഇന്നലത്തെ അപകടമുണ്ടായത് ഊരാളുങ്കൽ സൊസൈറ്റിക്കു കീഴിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന ഭാഗത്താണ്.
മേൽപ്പാലങ്ങൾക്കു മുകളിൽനിന്ന് നിർമാണസാമഗ്രികൾ താഴെവീണും ക്രെയിനിന്റെ യന്ത്രക്കൈ വാഹനങ്ങൾക്കുമേൽ തട്ടിയും നേരത്തേ അപകടങ്ങളുണ്ടായിരുന്നു. മിക്കതിലും ഭാഗ്യംകൊണ്ടുമാത്രമാണ് ജീവാഭായം സംഭവിക്കാതിരുന്നത്.