കളക്ടർ വാക്കുപാലിച്ചില്ല ; പ്രതിഷേധവുമായി ആദിവാസി കുടുംബങ്ങൾ
1590405
Wednesday, September 10, 2025 12:49 AM IST
പരപ്പ: വാഗ്ദാനം ചെയ്ത ഭൂമിയും വീടും നൽകണമെന്നാവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങൾ പ്രക്ഷോഭത്തിലേക്ക്. ബളാൽ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപെട്ട മൂത്താടി നഗറിലെ എട്ടു കുടുംബങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2024 ജൂണിൽ കനത്തമഴയിൽ അവർ താമസിക്കുന്ന ഭൂമിയിലെ പലയിടത്തായി വിള്ളലുകൾ രൂപപ്പെട്ടിരുന്നു.
പ്രദേശത്ത് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പഞ്ചായത്ത് ഇടപെട്ട് മാലോത്ത് കസബ സ്കൂളിൽ ക്യാന്പ് തുറന്ന് അവരെ താമസിപ്പിച്ചു.
പിന്നീട് ഇവരെ വാടകവീട്ടിലേക്ക് മാറ്റി. ഇവർക്ക് ഭൂമിയും വീടും അടിയന്തരമായി നൽകാമെന്ന് ജില്ലാ കളക്ടറും പട്ടികവികസന വകുപ്പും ഉറപ്പ് നൽകുകയും ചെയ്തു.
എന്നാൽ നാളിതുവരെയായിട്ടും ഭൂമിയും വീടും നൽകാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ പാവപെട്ട ആദിവാസി കുടുംബങ്ങൾ വാടക കൊടുത്താണ് ഇപ്പോഴും താമസിച്ച് വരുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് ബളാൽ പഞ്ചായത്ത് ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലേയ്ക്ക് മാർച്ച് നടത്തി.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. എം.പി. ജോസഫ് അധ്യക്ഷതവഹിച്ചു. എം. രാധാമണി, അലക്സ് നെടിയകാലായിൽ, ബിൻസി ജെയിൽ, മോൻസി ജോയി, പി.സി. രഘുനാഥൻ, മാർട്ടിൻ ജോർജ്, പി. രാഘവൻ, സുഷമ പോൾ, രഞ്ജു ബിജു, മോതിര, കാർത്യായനി, തന്പായി, ബിന്ദു എന്നിവർ പ്രസംഗിച്ചു.