പള്ളിക്കരയിലെ അന്തിമ വോട്ടര്‍പട്ടികയില്‍ വന്‍ തിരിമറിയെന്ന് യുഡിഎഫ്
1590408
Wednesday, September 10, 2025 12:49 AM IST
കാസര്‍ഗോഡ്: പള്ളിക്കര പഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടികയില്‍ വന്‍ തിരിമറിയാണ് നടത്തിയിരിക്കുന്നതെന്ന് യുഡിഎഫ് പളളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അശാസ്ത്രീയമായ വാര്‍ഡ് വിഭജനം നടത്തിയതിനെതിരെ യുഡിഎഫിന്റെ പരാതി പരിഗണിക്കാതെയാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമമായി പ്രസിദ്ധീ കരിച്ച ക്യൂഫീല്‍ഡ് മാപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്ന അതിരുകള്‍ക്കുള്ളില്‍ വരേണ്ടതും പുതിയ വാര്‍ഡ് രൂപീകരിക്കുമ്പോള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് നല്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനുബന്ധങ്ങളില്‍ പറയുന്നതുമായ വോട്ടര്‍മാരെ ഒഴിവാക്കിയാണ് ആറാംവാര്‍ഡായ അരവത്ത്, പത്തൊമ്പതാം വാര്‍ഡായ കീക്കാന്‍ എന്നിവിടങ്ങളില്‍ അന്തിമ വോട്ടര്‍പട്ടിക തയാറാ ക്കിയത്.
അരവത്ത് വാര്‍ഡിന്റെ അതിര്‍ത്തിക്കുള്ളില്‍ വരേണ്ട 383 വോട്ടുകളും കീക്കാന്‍ വാര്‍ഡിന്റെ അതിര്‍ത്തിക്കുള്ളില്‍ വരേണ്ട 94 വോട്ടുകളും ഒരു മാനദണ്ഡവും ഇല്ലാതെ ഒഴിവാക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതു തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ക്കെതിരാണ്.
ക്യൂ ഫീല്‍ഡ് മാപ്പില്‍ പറഞ്ഞ അതിരുകളില്‍ മാറ്റം വരുത്തണമെങ്കില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവ് വേണമെന്നിരിക്കെ അങ്ങനെ യൊരു ഉത്തരവ് ഇല്ലാതെ അതിര്‍ത്തിയില്‍ മാറ്റം വരുത്തിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണ്. തികച്ചും യുഡിഎഫിന്റെ വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായി സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഒരു നീക്കത്തിന് തെരഞ്ഞെടുപ്പ് ഓഫീസറായ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി നേതൃത്വം കൊടുത്തതെന്നും ജനവിധിയെ അധികാരമുപയോഗിച്ച് മാറ്റിമറിക്കാനാണ് സിപിഎം ഇതിലൂടെ ശ്രമിക്കുന്നതെന്നും യുഡിഎഫ് ആരോപിച്ചു.
ഇതില്‍ പ്രതിഷേധിച്ച് 15നു യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് കാര്യാലയം ഉപരോധിക്കും.
പത്രസമ്മേളനത്തില്‍ മുസ് ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ.എ. ബക്കര്‍, ഡിസിസി വൈസ്പ്രസിഡന്റ് സാജിദ് മൗവ്വല്‍, പള്ളിക്കര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയര്മാന് സിദ്ദിഖ് പള്ളിപ്പുഴ, മുസ്ലിം ലീഗ് ഉദുമ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഹനീഫ കുന്നില്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രവീന്ദ്രന് കരിച്ചേരി എന്നിവര്‍ പങ്കെടുത്തു.