ഐഐപിഡി ലോകത്തിന് മുന്നില്‍ കേരളം അവതരിപ്പിക്കുന്ന മാതൃകാപ്രസ്ഥാനം: അടൂര്‍ ഗോപാലകൃഷ്ണന്
1590663
Thursday, September 11, 2025 12:53 AM IST
കാഞ്ഞങ്ങാട്: ലോകത്തിന് മുന്നില്‍ നമ്മുടെ നാട് അവതരിപ്പിക്കുന്ന ഒരു മാതൃക പ്രസ്ഥാനമാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് എന്ന് ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ മടിക്കൈ അടുക്കത്തുപറമ്പില് നിര്‍മിക്കുന്ന ഐഐപിഡിയുടെ നിര്‍മാണോദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഐപിഡിയുടെ വിജയം സമൂഹത്തിന്റെ സാംസ്കാരികവും മാനുഷികവുമായ പുരോഗതിക്ക് നിര്‍ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍’ എന്ന കുമാരനാശാന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്തി കാണിക്കുന്ന വ്യക്തിയാണ് ഗോപിനാഥ് മുതുകാടെന്ന് കഥാകൃത്ത് ടി. പദ്മനാഭന് പറഞ്ഞു. അദ്ദേഹം ഏറ്റെടുത്ത കാര്യം പൂര്‍ത്തിയാകാതെ നിന്നിട്ടില്ല. തന്റെ കാലം കഴിയുന്നതിനുമുമ്പ് തന്നെ ഈയൊരു ബൃഹദ്പദ്ധതി സഫലമായി കാണുവാന്‍ കഴിയുമെന്ന ദൃഢവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം വാങ്ങാന്‍ സംഭാവന ചെയ്ത അന്തരിച്ച പ്രഫ. എം.കെ. ലൂക്കയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഊരാളുങ്കൽ സൊസൈറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എഗ്രിമെന്റും ആദ്യഗഡുവും ഗോപിനാഥ് മുതുകാട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്മാന് രമേശന് പാലേരിക്ക് കൈമാറി. ഡിഎസി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ ജിജി തോംസണ്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ദാമോദര്‍ ആര്‍ക്കിടെക്ട് സിഇഒ കെ. ദാമോദരന്‍, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രന് മടിക്കൈ എന്നിവര്‍ പങ്കെടുത്തു. ഡബ്ല്യുഎച്ച്ഒ ഇന്ത്യന്‍ നാഷണല്‍ പ്രഫഷണല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷീല്‍ പദ്ധതി വിശദീകരണം നടത്തി.