കിക്ക് ഡ്രഗ്സ് മിനി മാരത്തൺ വിജയികൾക്ക് നാലുമാസം കഴിഞ്ഞിട്ടും സമ്മാനതുക നൽകാതെ സർക്കാർ
1590411
Wednesday, September 10, 2025 12:49 AM IST
കാസർഗോഡ്: ലഹരിവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി സംസ്ഥാന കായികവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിക്ക് ഡ്രഗ്സ് മിനി മാരത്തണിലെ വിജയികൾക്ക് സർക്കാരിന്റെ സമ്മാനം നാലുമാസം കഴിഞ്ഞിട്ടും ഡമ്മി ചെക്കിലൊതുങ്ങുന്നു. പുരുഷ, വനിതാ വിഭാഗങ്ങളിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 7500 വീതം രൂപയും നാലു മുതൽ ഏഴു വരെ സ്ഥാനക്കാർക്ക് 2000 രൂപ വീതവും സമ്മാനമായി നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നടന്നത് കഴിഞ്ഞ മെയ് അഞ്ചിന് കാസർഗോഡ് ജില്ലയിലായിരുന്നു. മന്ത്രി വി. അബ്ദുറഹിമാനാണ് ഉദ്ഘാടനം നിർവഹിച്ചത്. പാലക്കുന്നിൽ നിന്ന് കാസർഗോഡ് കളക്ടറേറ്റ് പരിസരം വരെയായിരുന്നു മാരത്തൺ ഓട്ടമത്സരം സംഘടിപ്പിച്ചത്.
കളക്ടറേറ്റ് പരിസരത്ത് ഓടിയെത്തിയ വിജയികൾക്ക് അപ്പോൾത്തന്നെ സമ്മാനത്തുകയ്ക്കുള്ള ഡമ്മി ചെക്കുകൾ മന്ത്രി സമ്മാനിച്ചതാണ്. യഥാർഥ തുക അവരവരുടെ ബാങ്ക് അക്കൗണ്ടുകളിൽ ഇടുന്നതിനായി അക്കൗണ്ട് വിവരങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിലിൽ നൽകാനും ആവശ്യപ്പെട്ടു. എല്ലാവരും അന്നുതന്നെ അക്കൗണ്ട് വിവരങ്ങൾ നൽകിയെങ്കിലും സമ്മാനത്തുക ഇതുവരെ ആരുടെയും അക്കൗണ്ടിലെത്തിയില്ല.
ഇതുമായി ബന്ധപ്പെട്ട ഫണ്ട് ഇതുവരെ സർക്കാരിൽനിന്നും പാസായിട്ടില്ലെന്നാണ് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ വിശദീകരണം. ഫണ്ട് കിട്ടിയാലുടൻ എല്ലാവരുടെയും അക്കൗണ്ടിൽ തുക ലഭ്യമാക്കുമെന്നും സ് പോർട്സ് കൗൺസിൽ അധികൃതർ പറയുന്നു. പക്ഷേ ഫണ്ട് പാസാകാൻ ഇനി എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ല. അധികം വൈകിയാൽ തദ്ദേശ തെരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും ബന്ധപ്പെട്ട പെരുമാറ്റച്ചട്ടങ്ങളുമൊക്കെ വരുമെന്നതിനാൽ സമ്മാനത്തുക കിട്ടാതെ പോകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കായികവകുപ്പിനു കീഴിൽ മിനി മാരത്തണും വാക്കത്തണുമൊക്കെ സംഘടിപ്പിച്ചിരുന്നു. എവിടെയും ഇതുവരെ സമ്മാനത്തുക ലഭ്യമായിട്ടില്ലെന്നാണ് വിവരം.