വെള്ളിക്കോത്തെ റോഡുകൾ താറുമാറായി
1590669
Thursday, September 11, 2025 12:53 AM IST
കാഞ്ഞങ്ങാട്: അഞ്ചു വര്‍ഷം മുമ്പാണ് ജില്ലയിലാദ്യമായി സിറ്റി ഗ്യാസ് പദ്ധതിക്കായി പൈപ്പ്ലൈനുകള് വലിച്ചുതുടങ്ങിയത്. കോട്ടപ്പാറയിലെ നിര്‍ദിഷ്ട ഗ്യാസ് സ്റ്റേഷനില്‍ നിന്ന് തുടങ്ങി മാവുങ്കാല്‍, മൂലക്കണ്ടം, വെള്ളിക്കോത്ത് വഴി സംസ്ഥാനപാതയിലെ മഡിയന്‍ ജംഗ്ഷനിലേക്കാണ് ആദ്യമായി പൈപ്പ്ലൈന് വലിച്ചത്. ഇതോടെ ദേശീയപാതയെയും സംസ്ഥാന പാതയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂലക്കണ്ടം-വെള്ളിക്കോത്ത്-മഡിയന്‍ റോഡ് മാസങ്ങളോളം പൂര്‍ണമായും താറുമാറായിരുന്നു.
എല്ലാംകഴിഞ്ഞ് റോഡെല്ലാം വീണ്ടും ശരിയാക്കി മെക്കാഡം ടാറിംഗ് നടത്തിയതാണ്. അതുകഴിഞ്ഞ് ഏതാണ്ട് രണ്ടുവര്‍ഷം മുമ്പാണ് പദ്ധതിയില്‍നിന്ന് ഗാര്‍ഹിക കണക്ഷനുകള്‍ കൊടുക്കാന്‍ തുടങ്ങുകയാണെന്നും ആദ്യം പ്രധാന പൈപ്പ്ലൈന് വലിച്ച വെള്ളിക്കോത്ത് നിന്നാണ് അതിനും തുടക്കം കുറിക്കുന്നതെന്നും അറിയിപ്പ് ലഭിച്ചത്. ഇതോടെ സിറ്റി ഗ്യാസിന്റെ കരാര്‍ ഏറ്റെടുത്ത അദാനി ഗ്യാസിന്റെ തൊഴിലാളികള്‍ ജെസിബിയുമായി വീണ്ടും വെള്ളിക്കോത്തെത്തി.
നാട്ടിലെ ചെറുതും വലുതുമായ റോഡുകളെല്ലാം വെട്ടിക്കീറി പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു. ഇരുവശങ്ങളിലുമുള്ള വീടുകളിലേക്ക് ലൈന്‍ സ്ഥാപിക്കാനായി എല്ലാ റോഡുകളുടെയും കുറുകെയും വെട്ടിപ്പൊളിച്ചു.
നെടുകെയും കുറുകെയും വെട്ടിപ്പിളര്‍ന്ന റോഡുകളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ കരാര്‍ കമ്പനി തന്നെ പൂര്വസ്ഥിതിയിലാക്കുമെന്നായാരുന്നു പ്രഖ്യാപനം. പക്ഷേ അത് പ്രതീക്ഷിച്ച വേഗത്തില്‍ നടന്നില്ല. അവിടവിടെ മണ്ണും കോണ്‍ക്രീറ്റും ടാറിംഗ് മിശ്രിതവുമൊക്കെ മാറിമാറി ഇട്ടതല്ലാതെ കുഴികളൊന്നും പൂര്‍ണമായും നികന്നില്ല. റോഡുകളൊന്നും പഴയപടിയായതുമില്ല.
മഴ വന്നതോടെ മണ്ണിട്ടു നികത്തിയ ഭാഗങ്ങള്‍ ഇടിഞ്ഞുതാണും അവശേഷിച്ച കുഴികളില്‍ വെള്ളം നിറഞ്ഞും റോഡുകളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.
അതിനൊപ്പം അവശേഷിച്ച ടാറിംഗ് കൂടി ഇളകിയതോടെ കിഴക്കുംകരയില്നിന്ന് വെള്ളിക്കോത്തേക്കുള്ള പ്രധാന റോഡുള്‍പ്പെടെ താറുമാറായി. ഇനി ഈ റോഡുകളെല്ലാം അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ പഞ്ചായത്ത് വീണ്ടും കോടികള്‍ ചെലവഴിക്കേണ്ട സ്ഥിതിയാണ്. ഇത്രയൊക്കെയായിട്ടും നാമമാത്രമായ വീടുകളില്‍ മാത്രമാണ് ഇതുവരെ ഗ്യാസ് കണക്ഷന് നല്‍കിയിട്ടുള്ളത്. കൂടുതല്‍ കണക്ഷനുകള്‍ നല്‍കുന്നതിന് ഇനിയും ലൈനുകള്‍ വലിക്കാനുണ്ട്. അപ്പോള്‍ ഇനിയും റോഡുകള്‍ പൊട്ടിപ്പൊളിയും.
എല്ലാംകഴിഞ്ഞിട്ട് റീടാറിംഗ് നടത്താമെന്ന നിലയിലാണ് പഞ്ചായത്ത് കാത്തിരിക്കുന്നത്. ഇനി കാഞ്ഞങ്ങാട് നഗരമേഖലയുള്പ്പെടെ മറ്റു സ്ഥലങ്ങളില്‍ ഗ്യാസ് കണക്ഷനുകള്‍ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ ഇതുതന്നെയാവില്ലേ അവിടുത്തെയും സ്ഥിതിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.