നൈപുണ്യ പരിശീലനം: അപേക്ഷ ക്ഷണിച്ചു
1590174
Tuesday, September 9, 2025 1:47 AM IST
കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്ത് അസാപ് കേരളയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ജിഎസ്ടി യൂസിംഗ് ടാലി, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്, പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നീഷ്യന് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അഭ്യസ്തവിദ്യരായ 100 വനിതകള്‍ക്കാണ് ജിഎസ്ടി യൂസിംഗ് ടാലി കോഴ്സില്‍ പരിശീലനം നല്‍കുക. പൊതുവിഭാഗങ്ങള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സില്‍ 40 സീറ്റും, ഇ.വി സര്‍വീസ് ടെക്നീഷ്യന്, പവര്‍ ഇലക്ട്രോണിക്സ് കോഴ്സുകളില്‍ 30 വീതം സീറ്റുകളും ഉണ്ടായിരിക്കും.
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലെ പഞ്ചായത്ത് പരിധികളില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ള, അക്കൗണ്ടിംഗ് മേഖലയെ കുറിച്ച് പ്രാഥമിക ധരണയുള്ള വനിതകള്‍ക്ക് ജിഎസ്ടി യൂസിംഗ് ടാലി കോഴ്സിലേക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്സില്‍ പ്ലസ് ടൂ വിനോടൊപ്പം അടിസ്ഥാന കംപ്യുട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ രണ്ടു കോഴ്സിലും വിദ്യാനഗറില്‍ ഉള്ള അസാപിന്റെ കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ ആയിരിക്കും പരിശീലനം.
ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്, പവര്‍ ഇലക്ട്രോണിക്സ് സര്‍വീസ് ടെക്നീഷ്യന് എന്നീ കോഴ്സുകളില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അസാപിന്റെ മലപ്പുറം ജില്ലയിലെ തവനൂര്‍ കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലും അസാപിന്റെ തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്കില്‍ പാര്‍ക്കിലും ആയിരിക്കും പ്രായോഗിക പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നൂറുശതമാനം പ്ലേസ്മെന്റ് സഹായം ഉണ്ടായിരിക്കും.
കോഴ്സിനൊപ്പം, ഉദ്യോഗാര്‍ഥികളെ ഇന്റര്‍വ്യൂ സജ്ജമാക്കുന്ന പ്ലേസ്മെന്റ് റെഡിനസ് പ്രോഗ്രാമില്‍ കൂടി പരിശീലനം നല്‍കും. ഫോണ്‍: +918593892913, 949599 9780. bit.ly/asap-gst എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം.