അമീബിക് മസ്തിഷ്ക ജ്വരം: സ്കൂളുകളിലെ കുടിവെള്ള പരിശോധന ഉറപ്പാക്കണം
1590664
Thursday, September 11, 2025 12:53 AM IST
കാസര്‍ഗോഡ്: അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരെ തികഞ്ഞ ജാഗ്രത വേണമെന്നും കാമ്പയിനില്‍ പങ്കാളികളായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളും കിണറുകളിലെയും കുടിവെള്ള സ്രോതസുകളലെയും ജലം വിവിധ വിദ്യാലയങ്ങളില്‍ സജ്ജീകരിച്ച ജല ഗുണനിലവാര പരിശോധന ലാബുകളില്‍ പരിശോധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്. നവകേരളം കര്‍മപദ്ധതി-2 ജില്ലാ മിഷന് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. നിലവില്‍ ജില്ലയിലെ 12 വിദ്യാലയങ്ങളിലാണ് ജല ഗുണനിലവാര പരിശോധന ലാബുകളുള്ളത്. ഇതുവരെ ഈ ലാബുകളില്‍ 1179 സാമ്പിളുകള്‍ പരിശോധിച്ചു കഴിഞ്ഞു.
കയ്യൂര്‍ ജിവിഎച്ച്എസ്എസ്, മടിക്കൈ രണ്ട് ജിവിഎച്ച്എസ്എസ്, ബളാല്‍ ജിഎച്ച്എസ്എസ്, പട്ല ജിഎച്ച്എസ്എസ്, പിലിക്കോട് സികെഎന്‍എസ് ജിഎച്ച്എസ്എസ്, ഉദുമ ജിഎച്ച്എസ്എസ്, ബങ്കര മഞ്ചേശ്വരം ജിഎച്ച്എസ്എസ്, കുണ്ടംകുഴി ജിഎച്ച്എസ്എസ്, മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്, മുള്ളേരിയ ജിവിഎച്ച്എസ്എസ്, ബളാംതോട് ജിഎച്ച്എസ്എസ്, പൈവളിഗെ ജിഎച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലാണ് ജലഗുണനിലവാര പരിശോധനാ ലാബുകളുള്ളത്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി ഉപയോഗിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് മിഷന് പദ്ധതിയില്‍ അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ട ആളുകളുമായി കരാറില്‍ ഏര്‍പ്പെട്ട് ആദ്യ ഗഡു അനുവദിച്ചുവെന്ന് ഉറപ്പാക്കാന്‍ ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്ററോട് നിര്‍ദേശിച്ചു. വിദ്യാകിരണം പദ്ധതിയില്‍ തടസങ്ങള്‍ കണ്ടെത്തി വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി കളക്ടറുടെ ചേംബറില്‍ യോഗം ചേരാൻ തീരുമാനിച്ചു.
ഒരു തൈനടാം കാമ്പയിനില്‍ ജില്ലയില്‍ ആകെ 2,80,592 തൈകള്‍ നട്ടു പിടിപ്പിച്ചു. അമീബിക് മസ്തിഷ്ക ജ്വരത്തിനെതിരായുള്ള ജലമാണ് ജീവന് കാമ്പയിന്റെ ഭാഗമായി ജില്ലയിലെ 5619 പൊതു കിണറുകള്‍ ശുദ്ധീകരിച്ചു. 12 മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി 656 ഹരിത വിദ്യാലയങ്ങളിലും 2537 ഹരിത സ്ഥാപനങ്ങളിലും 65 ഹരിത കലാലയങ്ങളിലും 34 ഹരിത ടൗണുകളിലും 182 ഹരിത പത സ്ഥലങ്ങളിലും 12,175 ഹരിത അയല്‍ക്കൂട്ടങ്ങളിലും 14 ഹരിത ടൂറിസം കേന്ദ്രങ്ങളിലും 14 ഹരിത കെഎസ്ആര്ടിസികളിലും 284 ഹരിത ഗ്രന്ഥശാലകളിലും പ്രഖ്യാപനം നടത്തി. ജില്ലാ ജലബജറ്റ് പ്രകാശനം ചെയ്തു. ജില്ലയിലെ മുഴുവന്‍ പഞ്ചയത്തുകളും നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ജലബജറ്റ് റിപ്പോര്‍ട്ട് തയാറാക്കി. ലൈഫ് മിഷന് പദ്ധതിയില്‍ ആകെ 18,106 വീടുകള്‍ പൂര്‍ത്തിയായി. ലൈഫ് 2020 ഭൂമിയുള്ള ഭവന രഹിതരായവരുടെ വിഭാഗത്തില്‍ 2734 വീടുകള്‍ പൂര്‍ത്തിയായി. 'മനസോടിത്തിരി മണ്ണ്' കാമ്പയിനില്‍ സുമനസുകളില്‍ നിന്നും 2.8 ഏക്കര്‍ ഭൂമി ലഭിച്ചു.
ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത, ഡിപിസി സര്‍ക്കാര്‍ നോമിനി സി.ആര്. രാചനദ്രന്, നഗരസഭ അധ്യക്ഷരായ കെ.വി. സുജാത, ടി.വി. ശാന്ത, ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉഷ എന്നിവര്‍ സംസാരിച്ചു. ആര്‍ദ്രം മിഷന് നോഡല്‍ ഓഫീസര്‍ ഡോ. പി.വി. അരുണ്‍, വിദ്യാകിരണം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. പ്രകാശന്, ലൈഫ് മിഷന് കോ-ഓര്‍ഡിനേറ്റര്‍ എം. വത്സന്, ചെറുകിട ജലസേചനം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ലാലി ജോര്‍ജ്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.