ഡീലിമിറ്റേഷന്‍: ജില്ലയില്‍ 854 പരാതികള്‍
1513506
Wednesday, February 12, 2025 7:38 AM IST
കാസര്‍ഗോഡ്: ജില്ലയില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിംഗ് നടന്നു. പരാതികള്‍ വിശദമായി പരിശോധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി നടപടി സ്വീകരിക്കുമെന്ന് ഡീലിമിറ്റേഷന്‍ കമ്മീഷന് ചെയര്മാന് എ. ഷാജഹാന് പറഞ്ഞു.
കമ്മീഷന് ഹിയറിംഗിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 10 ജില്ലകളില്‍ തെളിവെടുപ്പ് നടന്നു കഴിഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ 854 പരാതികളാണ് പരിഗണിച്ചത്. കമ്മീഷന് മുന്നിലെത്തിയ മുഴുവന്‍ പരാതികളും നേരില്‍ കേട്ടുവെന്നും ജില്ലാ തലത്തിലുള്ള ഹിയറിംഗ് അവസാനിച്ച ശേഷം പരാതികള്‍ വീണ്ടും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും കമ്മീഷന് ചെയര്മാന് പറഞ്ഞു.
അവശ്യ ഘട്ടങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ തേടും. വാര്‍ഡുകളുടെ പേരുമാറ്റം, അതിര്‍ത്തി നിര്‍ണയത്തിലെ അപാകത, വിട്ടുപോകല്‍, വീട്ട് നമ്പര്‍ ഇരട്ടിപ്പ്, കമ്മീഷന് പ്രസദ്ധീകരിച്ച മാപ്പും അതിര്‍ത്തികളും തമ്മിലുള്ള അപാകതകള്‍ തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നില്‍ എത്തിയത്.
കാസര്‍ഗോഡ് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍, എഡിഎം പി. അഖില്‍, ഡീലിമിറ്റേഷന്‍ കമ്മീഷന് ഡപ്യൂട്ടി ഡയറക്ടര്‍ കെ. പ്രശാന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.