മേല്‍പറമ്പ് പോലീസ് സ്റ്റേഷന് കെട്ടിടം ഒഴിയാന്‍ നോട്ടീസ്
1512624
Monday, February 10, 2025 1:38 AM IST
കാസര്‍ഗോഡ്: ദേശീയപാതാ വികസനത്തിനായി ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന മേല്‍പറമ്പ് പോലീസ് സ്റ്റേഷന് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് കരാര്‍ കമ്പനി അധികൃതര്‍ക്ക് നോട്ടീസ് നലകി. ദേശീയപാത നിര്‍മാണ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍സില്‍ നിന്ന് ലഭിച്ച കത്തിന് കളക്ടര്‍ മുഖേന സാവകാശം തേടി, മറുപടി കൊടുത്ത് പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്നതു കാത്തിരിക്കുകയാണ് ചട്ടഞ്ചാലിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മേല്‍പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍.
റോഡ് പണി തുടരുന്നതിനു കെട്ടിടം തടസമാകുന്നതിനാല്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ച മുന്‍പാണ് കരാര്‍ കമ്പനി അധികൃതര്‍ പോലീസിനു നോട്ടീസ് നല്‍കിയത്. ഇതോടെ ആശങ്കയിലായ മേല്പറമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് അധികാരികള്‍ മുഖേനയാണ് സാവകാശം തേടി കലക്ടര്‍ക്കു കത്ത് നല്‍കിയത്. കത്തിന്റെ കോപ്പി കരാര്‍ കമ്പനി അധികൃതര്‍ക്കു കൈമാറിയതിനാല്‍ സ്റ്റേഷനു മുന്‍വശത്തെ പണി താത്കാലികമായി നിര്‍ത്തി.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇപ്പോള്‍ സ്റ്റേഷന് കെട്ടിടം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുന്‍ഭാഗത്തോട് ചേര്‍ന്നാണ് സര്‍വീസ് റോഡ് കടന്നുപോകുക. ഇവിടെ ആഴത്തില്‍ മണ്ണെടുക്കുന്നതിനാല്‍ സ്റ്റേഷനിലേക്കുള്ള വഴി അടയുന്നതോടെ വാഹനങ്ങള്‍ക്കുള്‍പ്പെടെ പ്രവേശിക്കാനാകില്ല. കെട്ടിടത്തിന്റെ മുന്‍ഭാഗവും പണിയുടെ ഭാഗമായി പൊളിക്കണം. ഇതോടെ ഈ കെട്ടിടം ഉപയോഗശൂന്യമാകും.
അതിനാലാണ് ഒഴിയാന്‍ ആവശ്യപ്പെട്ടത്. കെട്ടിടം ഒഴിഞ്ഞില്ലെങ്കില്‍ പണി വൈകും നിലവിലെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷന് നിശ്ചിത സമയത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ റോഡിന്റെ നിര്‍മാണം വൈകും. ഇതിന്റെ പേരില്‍ ദേശീയപാത വികസനം വൈകിയാല്‍ പോലീസിനെയായിരിക്കും കുറ്റപ്പെടുത്തുക.
ചട്ടഞ്ചാലിലെ സബ് ട്രഷറി കെട്ടിടത്തിന്റെ സമീപത്ത് ബേക്കല്‍ ഡിവൈഎസ്പി ഓഫീസിനും പോലീസ് സ്റ്റേഷനുമായി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി എങ്കിലും ഇതുവരെ പൂര്‍ത്തിയായില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുക. അതിനാല്‍ താഴത്തെ നിലയുടെ പ്രവൃത്തി പെട്ടെന്നു പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ നിശ്ചിത ദിവസത്തിനുള്ളില്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള ആലോചനയും നടക്കുന്നുണ്ട്.