കൃത്യതാ കൃഷിയുമായി ചെങ്കളയിലെ കര്‍ഷകര്‍
1512622
Monday, February 10, 2025 1:38 AM IST
കാസര്‍ഗോഡ്: കാലം മാറുമ്പോള്‍ കൃഷി രീതികളും മാറുന്നു. ചെങ്കള പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് പുതിയ കാലത്തിന്റെ ആവശ്യം മനസിലാക്കി, കൃഷിയില്‍ പുതു വഴിയൊരുക്കുകയാണ് കൃഷി ഓഫീസ്. പരമ്പരാഗത കൃഷി രീതികളില്‍ നിന്ന് വിട്ട്, പരിമിത പണിയിലും പരമാവധി വിളവ് നേടാനാകുന്ന കൃത്യതാ കൃഷി (പ്രിസിഷന്‍ ഫാമിംഗ്) എന്ന നവീകരണ സാങ്കേതികതയിലേക്ക് അവര്‍ ചുവടുമാറ്റി.
ഈ പുതിയ രീതിയിലൂടെ കൃഷിയ്ക്കാവശ്യമായ വെള്ളവുംവളവും ശരിയയ അളവില്‍ ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് എത്തിക്കുന്നു. ഇതുമൂലം ജല നാശം കുറയുകയും കീടബാധ നിയന്ത്രിക്കപ്പെടുകയും കൃഷിയുടെ നിലവാരം ഉയരുകയും ചെയ്യുന്നു. ഇന്‍ലൈന്‍ ഡ്രിപ്പര്‍ ടെക്നോളജി ഉപയോഗിച്ച് ചെടികളുടെ വേരിലേക്ക് നേരിട്ട് ജലം എത്തിക്കുന്നതിനാല്‍ വെള്ളം പാഴാകാതെ കൃഷിക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നു.
കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ കൃഷി ഒരു പ്രയാസമുള്ള തൊഴിലല്ല, മറിച്ച് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ലാഭകരമായ സംരംഭമാണ് എന്ന ആശയം ഇവിടെ പ്രചരിച്ചു കഴിഞ്ഞു. കൃഷിചെയ്യാന്‍ ആവശ്യമായ നിര്‍ദേശങ്ങളും വളവും ജലസേചന സംവിധാനത്തിനുള്ള ധനസഹായവുമെല്ലാം കൃഷിവകുപ്പ് ഉറപ്പാക്കും. കൃഷി വകുപ്പിന്റെ ഭാഗത്തു നിന്ന് നല്ല രീതിയിലുള്ള സഹായങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നുണ്ട്. രണ്ടു സ്കീമുകളിലായാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് സഹായം ലഭിക്കുന്നത്. സ്റ്റേറ്റ് ഹോര്‍ടികള്‍ചര്‍ മിഷന്റെ ഭാഗമായി ഒരു ഹെക്ടറിന് 91,000രൂപയും വെജിറ്റബിള്‍ ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി 50 സെന്റിന് 36,400 രൂപയുമാണ് സബ്സിഡി ലഭിക്കുന്നത്.
കുമ്പളം, വെള്ളരി, തണ്ണിമത്തന്, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികൾ കൃത്യതാ കൃഷിയിലൂടെ ഉത്പാദിപ്പിക്കുമ്പോള്‍, പരമ്പരാഗത കൃഷിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിളവിലും ഗുണമേന്മയിലും കര്‍ഷകര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. നിലവില്‍ പത്തോളം കര്‍ഷകരാണ് ചെങ്കളയില്‍ ഈ വിദ്യ ഉപയോഗിച്ച് കൃഷി ചെയ്യുന്നത് കേരളത്തിലെ പ്രദേശിക വിപണനതോടൊപ്പം കര്‍ണാടകയിലും ഇവര്‍ വിപണനം നടത്തുന്നുണ്ട്. പിസിഷന്‍ ഫാമിംഗ് ഭാവിയുടെ കൃഷിയാണെന്നും കര്‍ഷകരുടെ നാളെയുടെ പ്രതീക്ഷയാണെന്നും ചെങ്കള തെളിയിക്കുന്നു.