ബെസ്: അഞ്ചുകോടി വകയിരുത്തി
1513497
Wednesday, February 12, 2025 7:38 AM IST
ഉദുമ: പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം (ബെസ്) 500 മെഗാവാട്ട് സബ്സ്റ്റേഷന് മൈലാട്ടിയില്‍ 2026ല്‍ പ്രവര്‍ത്തനം ആരംഭിക്കും. പദ്ധതിയുടെ അനുബന്ധ ചെലവുകള്‍ക്ക് സംസ്ഥാന ബജറ്റില്‍ നിന്ന് അഞ്ചു കോടി രൂപ വകയിരുത്തിയതായി സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അറിയിച്ചു.
മൈലാട്ടിയില്‍ കെഎസ്ഇബിയുടെ അധീനതയിലുള്ള ഒമ്പത് ഏക്കര്‍ സ്ഥലത്താണ് 1000ലധികം കോടി രൂപ ചെലവില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം 500 മെഗാ വാട്ട് സബ്സ്റ്റേഷന് ഒരുങ്ങുന്നത്. പകല്‍ സമയത്ത് സോളാര്‍ എനര്‍ജി സംഭരിച്ച് രാത്രികാലങ്ങളില്‍ കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് തിരികെ നല്‍കുകയും ചെയ്യും.
ഇത്തരത്തില്‍ വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ സോളാര്‍ എനര്‍ജി കോര്പറേഷന് ഓഫ് ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തില്‍ സബ്സ്റ്റേഷന് നിര്‍മിച്ച് വൈദ്യുതി നല്‍കുന്നതിന് 12 വര്‍ഷക്കാലത്തേക്കാണ് കമ്പനികളുമായി കരാറിലേര്‍പ്പെടുക. പിന്നീട് ആവശ്യമെങ്കില്‍ അഞ്ചു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്ന കാര്യം പരിഗണിക്കും. സ്ഥലമൊരുക്കുന്നതിനും സബ്സ്റ്റേഷന്റെ പ്രാരംഭ ചെലവുകള്‍ക്കുമായാണ് ഇപ്പോള്‍ ബജറ്റില്‍ അഞ്ചുകോടി രൂപ അനുവദിച്ചിട്ടുള്ളത്.