സ്വന്തം കെട്ടിടം പോലുമില്ലാതെ മഞ്ചേശ്വരം താലൂക്ക് ഓഫീസ്
1512907
Tuesday, February 11, 2025 1:22 AM IST
മഞ്ചേശ്വരം: ജില്ലയിൽ വെള്ളരിക്കുണ്ടും മഞ്ചേശ്വരവും ആസ്ഥാനമായി രണ്ടു പുതിയ താലൂക്കുകൾ രൂപീകരിച്ചത് 2013ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ്. തുടക്കത്തിൽ രണ്ട് താലൂക്ക് ഓഫീസുകളും താത്കാലിക കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. വെള്ളരിക്കുണ്ട് താലൂക്കിന് ഏതാനും വർഷങ്ങൾക്കകം തന്നെ സ്വന്തം കെട്ടിടമായി. സപ്ലൈ ഓഫീസ്, ആർടിഒ തുടങ്ങിയ അനുബന്ധ ഓഫീസുകളും വന്നു. പക്ഷേ മഞ്ചേശ്വരം താലൂക്ക് ഓഫീസ് 12 വർഷം കഴിഞ്ഞിട്ടും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.
ഉപ്പള ബസ് സ്റ്റാൻഡിന് മുൻവശത്തുള്ള വാടക കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ഇപ്പോഴും താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നത്. ലിഫ്റ്റ് സംവിധാനം പോലുമില്ലാത്ത കെട്ടിടത്തിന്റെ കോണിപ്പടികൾ കയറാൻ തന്നെ വയോജനങ്ങളടക്കമുള്ള പൊതുജനങ്ങളും ഉദ്യോഗസ്ഥരും ഏറെ പ്രയാസപ്പെടുന്നു. പുതിയ താലൂക്ക് ഓഫീസ് കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയെങ്കിലും കെട്ടിട നിർമാണത്തിന് ആവശ്യമായ തുക ഇതുവരെ സർക്കാർ അനുവദിച്ചിട്ടില്ല. ഈ വർഷത്തെ ബജറ്റ് വന്നപ്പോഴും ആ പ്രതീക്ഷ വെറുതെയായി.
താലൂക്ക് സപ്ലൈ ഓഫീസ് പ്രവർത്തിക്കുന്നത് ബന്തിയോടിന് സമീപം മറ്റൊരു വാടകക്കെട്ടിടത്തിലാണ്. അവിടെയും കയറിച്ചെല്ലാൻ പ്രയാസമാണ്. ആർടിഒ ഓഫീസ് തുടങ്ങുന്ന കാര്യത്തിൽ ഇതുവരെ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. താലൂക്ക് അനുവദിച്ചിട്ടും ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലയോടുള്ള അവഗണന മാറുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
നീലേശ്വരം ആസ്ഥാനമായി ജില്ലയിലെ അഞ്ചാമത്തെ താലൂക്ക് അനുവദിക്കുന്നതിനുള്ള പ്രാരംഭചർച്ചകൾ തുടങ്ങിയ സാഹചര്യത്തിൽ ഇനി അവിടെ കൂടി പുതിയ കെട്ടിടം വന്നാലും മഞ്ചേശ്വരത്തിന്റെ സ്ഥിതി മാറുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.