അജ്ഞാതജീവി കോഴികളെ കൊന്നൊടുക്കി
1513494
Wednesday, February 12, 2025 7:38 AM IST
കുമ്പള: പെർവാഡ് കോട്ടപ്പള്ളിയിൽ അജ്ഞാതജീവിയുടെ ആക്രമണം. മാല്യങ്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ വീടിനോടു ചേർന്ന കോഴിക്കൂട് തകർത്ത് ആറ് കോഴികളെ കൊന്നൊടുക്കി. നാലുകോഴികളുടെ തലഭാഗം കടിച്ചുകൊണ്ടുപോയ നിലയിലാണ്. മറ്റു രണ്ടെണ്ണത്തിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടുകിട്ടിയില്ല. വീട്ടിൽ വളർത്തിയിരുന്ന മൂന്ന് പൂച്ചകളെയും കാണാതായി. ഇവ ഭയന്ന് ഓടി രക്ഷപ്പെട്ടതാകാമെന്നു കരുതുന്നു.
തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. നായകൾ കുരയ്ക്കുന്ന ശബ്ദവും ഒപ്പം മറ്റേതോ ജീവിയുടെ ശബ്ദവും കേട്ടതായി കുടുംബാംഗമായ ഹാരിസ് പറഞ്ഞു.
കോഴികളുടെ ബഹളവും കേട്ടിരുന്നു. എന്നാൽ, ഭയം മൂലം കതക് തുറന്നുനോക്കിയില്ല. പുലർച്ചെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് കോഴിക്കൂട് തകർത്ത് തള്ളിയിട്ട നിലയിൽ കണ്ടത്. പഞ്ചായത്തിൽ നിന്ന് കിട്ടിയ കോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. സംഭവം വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.