ഈസ്റ്റ് എളേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വിവരാവകാശ പ്രവർത്തകരുടെ ധർണ
1512196
Saturday, February 8, 2025 1:35 AM IST
ചിറ്റാരിക്കാൽ: 2012 മുതൽ 2015 വരെയുള്ള കാലയളവിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ പട്ടികവർഗ വികസനത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച 1.47 കോടി രൂപയുടെ ഫണ്ട് പഞ്ചായത്തിന്റെ കണക്കുകളിലൊന്നും പെടുത്താതെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട്, മുൻ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ വായമൂടിക്കെട്ടി ധർണ നടത്തി.
ഈസ്റ്റ് എളേരി സോഷ്യൽ ഓഡിറ്റ് ടീം എന്ന കൂട്ടായ്മയുടെ പേരിൽ നടത്തിയ ധർണയിൽ പി.ജെ. ഫിലിപ്പ്, സി.ബി. സിദ്ധാർഥൻ, ഒ.എ. അബ്ദുൾ സലാം, ബിനോയ് സ്കറിയ, ജോർജ് ജോസഫ്, പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
പഞ്ചായത്തിലെ പട്ടികവർഗ വികസന പദ്ധതികൾക്ക് വിനിയോഗിക്കാനായി 21.07.2012, 27.12.2013 തീയതികളിലായി 1.27 കോടി രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റുകളും 29.01.2015ന് 20,32,500 രൂപയുടെ ചെക്കും ജില്ലാ പട്ടികവർഗ വികസന ഓഫീസർ ഈസ്റ്റ് എളേരി പഞ്ചായത്തിന് കൈമാറിയിരുന്നതായി വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമായതായി ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇവയൊന്നും പഞ്ചായത്തിന്റെ വരവുചെലവ് കണക്കുകളിലോ മറ്റ് അക്കൗണ്ടുകളിലോ കാണുന്നില്ല.
ഇതേസമയം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജയിംസ് പന്തമ്മാക്കൽ ഉറവിടമില്ലാതെ സ്വത്ത് സമ്പാദനം നടത്തിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതായും ഇവർ ചൂണ്ടിക്കാട്ടി. ഇത്രയും തുക ജയിംസിന്റെ പക്കൽനിന്നും അടിയന്തിരമായി വീണ്ടെടുക്കുന്നതിനും ജയിംസിനെതിരായി നിയമനടപടികൾ സ്വീകരിക്കുന്നതിനും പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ ഡിസിസി വൈസ് പ്രസിഡന്റായ ജയിംസിനെതിരെ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി നടപടി സ്വീകരിക്കാത്തത് പാർട്ടിതലത്തിലുള്ള സമ്മർദം മൂലമാണെന്നും ഇവർ ആരോപിച്ചു.
ആരോപണം അടിസ്ഥാനരഹിതമെന്ന്
ജയിംസ് പന്തമ്മാക്കൽ
ഈസ്റ്റ് എളേരി പഞ്ചായത്തിൽ 2012-15 കാലഘട്ടത്തിലെ പട്ടികവർഗ വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തനിക്കെതിരായി ഉന്നയിക്കപ്പെട്ട ആരോപണം ടസ്ഥാനരഹിതമാണെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കൽ പറഞ്ഞു. ആരോപണം ഉന്നയിച്ചവർക്കെതിരെ അഭിഭാഷകരുമായി ആലോചിച്ചശേഷം മാനനഷ്ട കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേൽ സൂചിപ്പിച്ച കാലയളവിൽ അഞ്ചു പദ്ധതികൾക്കാണ് സർക്കാർ പണം അനുവദിച്ചത്. കൂട്ടക്കുഴി, മീനഞ്ചേരി, ചേറങ്കല്ല്, കുണ്ടാരം എന്നിവിടങ്ങളിൽ അന്നത്തെ കോളനികളിലേക്കുള്ള റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനും കടുമേനി സർക്കാരിയ കോളനിയിൽ സാംസ്കാരിക നിലയം സ്ഥാപിക്കുന്നതിനുമായാണ് തുക അനുവദിച്ചത്.
ഈ അഞ്ച് പദ്ധതികളും പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതികളുമായി ബന്ധപ്പെട്ട പണം കൈകാര്യം ചെയ്യുന്നത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരാണെന്നും ഭരണസമിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.