വടക്കാംകുന്ന് ക്വാറി വിരുദ്ധ സമരത്തിന് ആവേശമായി പാട്ടിയമ്മയെത്തി
1512905
Tuesday, February 11, 2025 1:22 AM IST
വെള്ളരിക്കുണ്ട്: കാരാട്ട് വടക്കാംകുന്ന് ക്വാറി വിരുദ്ധ സത്യഗ്രഹ സമരപന്തലിൽ പ്രായത്തിന്റെ വയ്യായ്മകൾ അവഗണിച്ചുകൊണ്ട് 90 വയസിനടുത്ത് പ്രായമുള്ള പാട്ടിയമ്മയും സമരത്തിനെത്തി. സത്യഗ്രഹസമരത്തിന്റെ 776-ാം ദിവസമാണ് രാവിലെ സമരം നയിക്കാൻ പാട്ടിയമ്മയും എത്തിയത്.
‘ജനിച്ചപ്പോൾ മുതൽ കാണുന്ന മലയും മണ്ണും ജലവും അത് പൊട്ടിച്ചു കൊണ്ടുപോകാൻ സമ്മതിക്കൂല ഞാൻ ജനിച്ച മണ്ണിത് ഇടെ തന്നെ വെള്ളം കുടിച്ച് മരിക്കണം എന്നാണ് ആഗ്രഹം അതുകൊണ്ടാണ് വയ്യാഞ്ഞിട്ടും സമരത്തിനെത്തിത്’-പാട്ടിയമ്മ പറഞ്ഞു.
കാരാട്ട് പ്രദേശത്തെ ജലവും ജലസ്രോതസുകളും മലിനമാക്കി ജലസ്രോതസുകളുടെ ഉത്ഭവകേന്ദ്രമായ വടക്കാംകുന്ന് മല ക്വാറി ലോബിക്ക് വിട്ടുകൊടുക്കില്ല എന്ന ആവശ്യമുന്നയിച്ച് ഏഴു വർഷത്തിലധികമായി സമരത്തിലാണ് പ്രദേശവാസികൾ. എന്നാൽ, ഉന്നത ബന്ധങ്ങളുടെ സ്വാധീനത്താൽ ക്വാറിയുടെയും ക്രഷർ യൂണിറ്റിന്റെയും നിർമാണം പൂർത്തിയാക്കി ഏതു നിമിഷവും ക്വാറി പ്രവർത്തനം ആരംഭിക്കാം എന്ന നിലയിലാണ്.
നിരവധി പ്രക്ഷോഭങ്ങളുടെയും നിയമയുദ്ധങ്ങളുടെയും ഫലമായി ക്വാറി പ്രവർത്തനം താത്കാലികമായി നിർത്തി വച്ചിട്ടുണ്ടെങ്കിലും പൂർണമായും ക്വാറി പ്രവർത്തനം നിർത്താതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി പറയുന്നു.
മലയോരത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തിൽ കാരാട്ട് പ്രദേശത്തുള്ള വീടിന്റെ സ്വിച്ച്ബോർഡും ജനലും തകർന്നിരുന്നു. ക്വാറി പ്രവർത്തനം ആരംഭിച്ചാൽ ഇതരത്തിലുള്ള ദുരന്തങ്ങൾ ഉണ്ടാവുമെന്ന ആശങ്കയിലാണ് വടക്കാംകുന്ന് സമരസമിതി.
ഇന്നലത്തെ സത്യഗ്രഹ സമരത്തിൽ പാട്ടിയമ്മക്ക് പുറമെ സി. നാരായണൻ, എൻ.കെ. ലീല, ബിന്ദുലേഖ, സുമതി, വിനയ, കെ.വി. ശശി, സുരേശൻ, പി. രാജൻ എന്നിവർ പങ്കെടുത്തു.