പയ്യന്നൂരിൽ സർജിക്കൽസ് ഗോഡൗണിന് മുകളിലെ ടെറസിൽ തീപിടുത്തം
1512313
Sunday, February 9, 2025 1:50 AM IST
പയ്യന്നൂർ: പയ്യന്നൂരിൽ സർജിക്കൽസ് ഗോഡൗണിന് മുകളിലെ ടെറസിൽ തീപിടുത്തം. ഇന്നലെ രാത്രി ഏഴോടെയാണ് തീപിടുത്തമുണ്ടായത്. സിഐടിയു റോഡിൽ സഹകരണ ആശുപത്രിക്ക് സമീപത്തെ അൽ അമീൻ സർജിക്കൽസിന്റെ മൂന്നു നിലകളുള്ള ഗോഡൗണിന്റെ ടെറസിന് മുകളിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ പഴയ സർജിക്കൽ ഉപകരണങ്ങളും ബില്ലുകളും കടലാസുകളും മറ്റും കൂട്ടിയിട്ടിരുന്നതിനാണ് തീ പിടിച്ചത്.
തീ പെട്ടെന്ന് ആളിക്കത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. പയ്യന്നൂർ അഗ്നിരക്ഷാ സേനയിലെ രണ്ടു യൂണിറ്റും തൃക്കരിപ്പൂരിൽ നിന്നെത്തിയ ഒരു യൂണിറ്റും മണിക്കൂറുകൾ ശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സർജിക്കൽസ് ഉപകരണങ്ങളുള്ള താഴത്തെ നിലയിലേക്ക് തീ വ്യാപിക്കുന്നതിന് മുമ്പേ കൊടുത്തിയതിനാലാണ് വൻ നഷ്ടം ഒഴിവായത്. രക്ഷാപ്രവർത്തനത്തിന് പയ്യന്നൂർ അഗ്നിരക്ഷാസേനയിലെ അസി. സ്റ്റേഷൻ ഓഫീസർ പി. മാത്യു നേതൃത്വം നൽകി. പയ്യന്നൂർ പോലീസും സംഭവസ്ഥലത്തെത്തിയിരുന്നു.
നഗര മധ്യത്തിലെ അഗ്നിബാധ ടൗണിൽ ഏറെ പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് നിരവധിയാളുകളും തടിച്ചു കൂടി. ടി.ഐ. മധുസൂദനൻ എംഎൽഎ ഉൾപ്പെടെയുള്ളവരും സംഭവസ്ഥലത്തെത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.