ഓപ്പറേഷന് സ്മൈല്‍: 213 ഗോത്ര കുടുംബങ്ങളുടെ ഭൂമി അളന്ന് രേഖപ്പെടുത്തി
1512625
Monday, February 10, 2025 1:38 AM IST
കാസര്‍ഗോഡ്: വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി. എന്നാല്‍, അതു തങ്ങളുടെ സ്വന്തമാെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലുമില്ല. പട്ടയമില്ലെന്നതിന്റെ പേരില്‍ ഭവനപദ്ധതികളും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട കൊറഗ എന്ന പ്രാക്തന ഗോത്രവിഭാഗത്തിന് ഇനി ആശ്വാസത്തിന്റെ കാലം. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ബദിയടുക്ക പെര്‍ഡാല ഉന്നതി സന്ദര്‍ശിച്ചതോടെയാണ് മാറ്റത്തിന് തുടക്കമാകുന്നത്. അവരുടെ അവസ്ഥ നേരില്‍കണ്ട കളക്ടര്‍, റവന്യൂ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഓപ്പറേഷന് സ്മൈല്‍ പദ്ധതി ആവിഷ്കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം റവന്യുമന്ത്രി കെ. രാജന് പദ്ധതിക്ക് തുടക്കം കുറിച്ചു.
രണ്ടു താലൂക്കുകളിലായി 59 കോളനികളിലായി വ്യാപിച്ചുകിടക്കുന്ന 478 ഏക്കര്‍ ഭൂമി അളന്ന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്കി. പദ്ധതിയുടെ ഭാഗമായി ഇതുവരെ 213 കുടുംബങ്ങളുടെയും ഭൂമി അളന്ന് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇതില്‍ എട്ട് വില്ലേജുകളിലെ ഭൂമി സര്‍ക്കാരിന്റെ ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി അളന്നു തിട്ടപെടുത്തി. മാര്‍ച്ച് ആദ്യവാരത്തോടെ പദ്ധതിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തല്‍. കാസർഗോഡ്, മഞ്ചേശ്വരം താലൂക്കുകളിലായി 539 കുടുംബങ്ങളിലായി 1,706 ഓളം കൊറഗ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്നു.
ജില്ലാ കളക്ടറിന്റെ മേല്‍നോട്ടത്തില്‍ സര്‍വേ അസി. ഡയറക്ടര്‍ ആസിഫ് അലിയാര്, കാസര് ഗോഡ് പട്ടികവര്‍ഗ വികസന ഓഫീസര്‍ കെ.കെ. മോഹന്‍ദാസ്, അസി. ഓഫീസര്‍ കെ.വി. രാഘവന് എന്നിവരാണ് പദ്ധതി പ്രവര്‍ത്തനം നിര്‍വഹിക്കുന്നത്.