അമരത്ത് വീണ്ടും കയ്യൂരിന്റെ ചെങ്കനൽത്തിളക്കം
1512195
Saturday, February 8, 2025 1:35 AM IST
കമ്യൂണിസ്റ്റ് സമരഭൂമിയായ കയ്യൂരിൽ നിന്നുള്ള എം.വി. ബാലകൃഷ്ണൻ സ്ഥാനമൊഴിയുമ്പോൾ പകരം അതേ ചുവന്ന മണ്ണിൽ നിന്നുള്ള എം. രാജഗോപാലൻ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത് അർഹതയ്ക്കുള്ള അംഗീകാരമായാണ്. അവസരങ്ങൾക്കുവേണ്ടി നിർബന്ധം പിടിക്കാതെ മാറിനിന്നപ്പോഴും അംഗീകാരങ്ങൾ തേടിയെത്തിയ ചരിത്രമാണ് പലപ്പോഴും രാജഗോപാലന്റെ രാഷ്ട്രീയജീവിതത്തിലുള്ളത്.
2016ൽ തൃക്കരിപ്പൂരിൽ നിന്ന് എംഎൽഎയായതും ഇതുപോലെ രാജഗോപാലനെ തേടിയെത്തിയ അംഗീകാരമായിരുന്നു. എം.വി. ബാലകൃഷ്ണന്റെ പേരാണ് അന്ന് ജില്ലാ കമ്മിറ്റി നിർദേശിച്ചിരുന്നത്. എന്നാൽ, അതിനെതിരായി പ്രാദേശിക തലത്തിലുണ്ടായ എതിർപ്പുകൾ കണക്കിലെടുത്ത് സംസ്ഥാന കമ്മിറ്റി ഇടപെട്ട് രാജഗോപാലനെ സ്ഥാനാർഥിയായി നിർദേശിക്കുകയായിരുന്നു. ആ വിജയചരിത്രം 2021ലും ആവർത്തിച്ചു.
പിന്നീട് രാഷ്ട്രീയ ജീവിതത്തിലെ ഒരു പരീക്ഷണഘട്ടത്തിൽ മഞ്ചേശ്വരം മേഖലയിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെട്ടു. ദശകങ്ങളുടെ ഇടവേളയ്ക്കു ശേഷം 2006ൽ സി.എച്ച്. കുഞ്ഞമ്പുവിലൂടെ എൽഡിഎഫ് മഞ്ചേശ്വരം മണ്ഡലം പിടിച്ചെടുത്തത് രാജഗോപാലൻ തുടങ്ങിവച്ച പ്രവർത്തനങ്ങളുടെ ഫലമായിട്ടായിരുന്നു.
നേരത്തേയുണ്ടായിരുന്ന താടിക്കൊപ്പം സ്റ്റോൺവാഷ് ഷർട്ടും തൊപ്പിയുമായി ചെഗുവേരയുടെ രൂപഭാവങ്ങളിൽ രാജഗോപാലനെ കാണാൻ തുടങ്ങിയതും ഏതാണ്ട് ഇക്കാലത്താണ്. പിന്നീട് ഒരു ടെലിഫിലിമിൽ ചെഗുവേരയായി അഭിനയിക്കുകയും ചെയ്തു.