ജില്ലാ പഞ്ചായത്തംഗങ്ങള്‍ വിനോദയാത്രയിലാണ് !
1512628
Monday, February 10, 2025 1:38 AM IST
കാസര്‍ഗോഡ്: ക്ഷേമപെന്ഷന് ഉള്‍പ്പെടെ നല്കാന് പണമില്ലാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോഴും ലക്ഷങ്ങള്‍ മുടക്കി വിനോദയാത്രയ്ക്ക് പോയി ജില്ലാ പഞ്ചായത്തംഗങ്ങളും ഉദ്യോഗസ്ഥരും. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലേക്കാണ് ഇത്തവണത്തെ വിനോദയാത്ര. ഈ ഭരണസമിതി ചുമതലയേറ്റശേഷം മൂന്നാമത്തെ വിനോദയാത്രയാണിത്. കോല്‍ക്കത്ത-ഡാര്‍ജലിംഗ്, ജമ്മുകാഷ്മീര്‍ എന്നിവിടങ്ങളിലേക്കായിരുന്നു മുമ്പു രണ്ടുതവണ പോയത്.
ഭരണ-പ്രതിപക്ഷഭേദമെന്യേ എല്ലാ പാര്‍ട്ടിക്കാരും ഇതിലുണ്ട്. പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, സി.ജെ. സജിത് (സിപിഎം), ഗോള്‍ഡന്‍ അബ്ദുള്‍ ഖാദര്‍, ജാസ്മിന് കബീര്‍, ജമീല സിദ്ദിഖ് (മുസ്ലിം ലീഗ്), കെ. കമലാക്ഷി (കോണ്‍ഗ്രസ്), എം. മനു (ജനതാദള്‍), ഷിനോജ് ചാക്കോ (കേരള കോണ്‍ഗ്രസ്-എം), ശൈലജ എം. ഭട്ട് (ബിജെപി), ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ഫിനാന്‍സ് ഓഫീസര്‍, സീനിയര്‍ സൂപ്രണ്ട്, തദ്ദേശ ജോയിന്റ് ഡയറക്ടര്‍, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജര്‍, ജില്ലാ ആസൂത്രണസമിതി സര്‍ക്കാര്‍ പ്രതിനിധി എന്നിങ്ങനെ 16 അംഗസംഘമാണ് വിനോദയാത്ര പോയിരിക്കുന്നത്.
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ തദ്ദേശസ്ഥാപനങ്ങളുടെ മാലിന്യസംസ്കരണം, കുടിവെള്ളവിതരണം ഉള്‍പ്പെടെയുള്ള പദ്ധതിപ്രവര്ത്തനങ്ങളെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് ഭരണസമിതിയുടെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെയുള്ള യാത്ര.
അരലക്ഷത്തോളം രൂപയാണ് യാത്രയ്ക്കും മറ്റുമായി ഒരാള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കിലയില്‍ നിന്നും 25,000 രൂപയും ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 12,500 രൂപയും ബാക്കിയുള്ള ചെലവ് അവരവര്‍ സ്വന്തമായി വഹിക്കുമെന്നും ജില്ലാ പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇന്നലെ രാത്രി മംഗളുരുവില്‍ നിന്ന് യാത്ര തിരിച്ച സംഘം 13നാണ് തിരിച്ചെത്തുക.