നീലേശ്വരം-ചിത്താരി കൃത്രിമ കനാലിന് 179.45 കോടി
1512307
Sunday, February 9, 2025 1:50 AM IST
നീലേശ്വരം: ജില്ലയിൽ ഉൾനാടൻ ജലപാതയുടെ പദ്ധതി പ്രവർത്തനങ്ങൾക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ കോവളം-ബേക്കൽ ജലപാതയുടെ മൊത്തത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് 500 കോടി രൂപ മാറ്റിവച്ചതിനു പുറമേ പദ്ധതിയുടെ ഭാഗമായി നീലേശ്വരം പുഴയിൽ നിന്ന് ചിത്താരിപ്പുഴയിലേക്ക് കൃത്രിമ കനാൽ നിർമിക്കാൻ മുൻവർഷത്തെ വിഹിതമായി 179.45 കോടി രൂപ അനുവദിക്കാനും കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൃത്രിമ കനാൽ നിർമാണത്തിനും നമ്പ്യാർക്കാൽ അണക്കെട്ടിനോടു ചേർന്ന് നാവിഗേഷൻ ലോക്കിന്റെ നിർമാണത്തിനുമായി ആകെ 44.4169 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക.
ജില്ലയിൽ ഉൾനാടൻ ജലപാതയുടെ നിർമാണപ്രവർത്തനങ്ങൾ സ്തംഭിച്ചതായി കഴിഞ്ഞദിവസം ദീപിക റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനമുണ്ടായത്.
കൃത്രിമ കനാലിനും നാവിഗേഷൻ ലോക്കിനുമായി ഭൂമി ഏറ്റെടുക്കുന്നതിന് 178.15 കോടി രൂപ അനുവദിക്കാൻ മാസങ്ങൾക്കുമുമ്പ് ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്തീർണം 44.156 ഹെക്ടറിൽ നിന്ന് 44.4169 ഹെക്ടറായി ചെറിയ തോതിൽ ഉയർന്നതോടെയാണ് തുകയിലും മാറ്റം വരുത്താൻ മന്ത്രിസഭ അനുമതി നല്‍കിയത്.
കാഞ്ഞങ്ങാട് നഗരസഭയിലെ കൂളിയങ്കാൽ അരയിപ്പാലത്തിനു സമീപത്തുനിന്നാരംഭിച്ച് ജില്ലാ ആശുപത്രിക്കു സമീപത്തുവച്ച് ദേശീയപാത മുറിച്ചുകടന്ന് കാരാട്ടുവയൽ, നെല്ലിക്കാട്ട്, അതിയാമ്പൂർ, വെള്ളായിപ്പാലം, മണലിൽ, മടിയൻ വഴി ചിത്താരിയിലെത്തുന്ന രീതിയിലാണ് നിർദിഷ്ട കൃത്രിമ കനാലിന്റെ രൂപരേഖ തയാറാക്കിയിട്ടുള്ളത്. ഇത്രയും ദൂരം 60 മീറ്റര്‍ വീതിയിലാണ് സ്ഥലമേറ്റെടുക്കുക.
40 മീറ്റര്‍ വീതിയുള്ള കനാലും ഇരുവശങ്ങളിലും 10 മീറ്റര്‍ വീതിയില്‍ സമീപന റോഡുകളും നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ റോഡുകളെ ബന്ധിപ്പിച്ച് ഇടയ്ക്കിടെ പാലങ്ങളും വരും. ഇതുവഴി കനാല്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുകൂടി വഴിയൊരുക്കാനാകും. മിക്കതും വയൽപ്രദേശങ്ങളായതിനാൽ ജലസേചന സൗകര്യം വർധിപ്പിക്കാനും കനാൽ പ്രയോജനപ്പെടും.
കവ്വായി കായല്‍ വഴി ജില്ലയിലേക്ക് പ്രവേശിക്കുന്ന ജലപാത ആകെ 45 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയിലൂടെ കടന്നുപോകുന്നത്. പയ്യന്നൂര്‍ കൊറ്റിയിൽ നിന്ന് തുടങ്ങി വലിയപറമ്പ് വഴി കോട്ടപ്പുറം വരെ കായലിലൂടെയുള്ള 23 കിലോമീറ്റര്‍ ദൂരം ഇപ്പോള്‍തന്നെ ബോട്ടുകൾക്ക് സര്‍വീസ് നടത്താവുന്ന തരത്തിലാണ്. കോട്ടപ്പുറത്തുനിന്ന് നീലേശ്വരം പുഴ വഴി നമ്പ്യാര്‍ക്കാല്‍ അണക്കെട്ടിലേക്കും അവിടെ നിന്ന് അരയിപ്പുഴയിലൂടെ കൂളിയങ്കാലിലേക്കും നിർദിഷ്ട കൃത്രിമ കനാല്‍ വഴി ചിത്താരിപ്പുഴയിലേക്കും നീളുന്ന ജലപാത പൊയ്യക്കരയിലെ നിര്‍ദിഷ്ട ബേക്കല്‍ ടൂറിസം വില്ലേജിലാണ് അവസാനിക്കുക.
നിർദിഷ്ട കൃത്രിമ കനാൽ ദേശീയപാത മുറിച്ചുകടക്കേണ്ട ഭാഗത്ത് ഏതു തരത്തിൽ കനാൽ നിർമിക്കാവുന്നതാണെന്ന കാര്യം ദേശീയപാതാ കരാറുകാരായ മേഘ ഇൻഫ്രാസ്ട്രക്ചറുമായി ആലോചിച്ച് തീരുമാനിക്കും.
ഉൾനാടൻ ജലഗതാഗത വകുപ്പും കേരള വാട്ടർ വേയ്സ് ആൻഡ് ഇൻഫ്രാ സ്ട്രക്ച്ചേഴ്സ് ലിമിറ്റഡും (ക്വിൽ) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.