ഈസ്റ്റ്എളേരിയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു
1374697
Thursday, November 30, 2023 7:30 AM IST
പാലാവയൽ: ഈസ്റ്റ്എളേരി പഞ്ചായത്തിന്റെ കർണാടക വനാതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ വീണ്ടും കാട്ടാനശല്യം രൂക്ഷമാകുന്നു. ഓടക്കൊല്ലി, വെള്ളക്കല്ല്, കോളിത്തട്ട്, മീനംഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ ഓരോ രാവും കാട്ടാന ഭീതിയിലാണ് കഴിഞ്ഞു കൂടുന്നത്.
ചൊവ്വാഴ്ച രാത്രി ഓടക്കൊല്ലി ടൗണിനോടു ചേർന്നുള്ള അരീപ്പറമ്പിൽ ജെൻസ് അഗസ്റ്റ്യൻ, കളമ്പുകാട്ട് ഷൈനോജ് എന്നിവരുടെ കൃഷിയിടത്തിയ കാട്ടാന ജെൻസിന്റെ മൂന്നു മാസം പ്രായമായ 40 നേന്ത്രവാഴകളും മറ്റ് ഇടവിളകളും നശിപ്പിച്ചു. ഷൈനോജിന്റെ കമുകുകളും നശിപ്പിച്ചു.
കാര്യങ്കോട് പുഴയോടു ചേർന്നു കിടക്കുന്ന ഈ പുരയിടങ്ങളുടെ പുഴക്ക് മറുകര ആറാട്ടുകടവ് പ്രദേശമാണ്. ഈ പ്രദേശത്തിന് കേരളവും കർണാടകവും അവകാശം ഉന്നയിക്കുന്നു. എന്നാൽ റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയെല്ലാം കേരളത്തിന്റേതാണ്. താമസക്കാർക്ക് പട്ടയം ലഭ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പട്ടയം ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ലെങ്കിലും വർഷങ്ങൾക്ക് മുമ്പ് ഓടപ്പള്ളിയിൽ നിന്നും വെള്ളക്കല്ലിലേക്ക് വൈദ്യുതി വേലി നിർമിച്ചപ്പോൾ ആറാട്ടുകടവ് കേളനിയെ ഉൾപ്പെടുത്തി കർണാടക വനാതിർത്തി വഴിയാണ് വൈദ്യുതിവേലി നിർമ്മിച്ചത്.
വേലി ഉണ്ടായിട്ടും കാട്ടാനശല്യം തുടർക്കഥ ആയതോടെ ആറാട്ടുകടവ് കോളനി നിവാസികൾ സുരക്ഷിത കേന്ദ്രം തേടി പോയതോടെ ഈ പ്രദേശത്തെ വൈദ്യുതിവേലി സംരക്ഷിക്കാനാളില്ലാതെയായി.
കമ്പിവേലി പ്രവർത്തനരഹിതമായതോടെ ആനകൾക്ക് പുഴ കടന്ന് യഥേഷ്ടം കൃഷിയിടത്തിലെത്താവുന്ന അവസ്ഥയുമായി. കാട്ടാന ജനവാസ മേഖലയിലെ ടൗണുകൾക്ക് അടുത്ത് വരെ എത്തിയത് കർഷകരെ ഏറെ ഭയപ്പാടിലാക്കിയിരിക്കുകയാണ്.
തങ്ങളുടെ വനത്തിൽ നിന്നും കട്ടാനകളിറങ്ങി കേരളക്കാരുടെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ആനകളെ ഈ പ്രദേശത്തേക്ക് ആകർഷിക്കുന്നതിനായി പുഴയോരത്ത് മുള, ഈറ്റ എന്നിവ നട്ടുപിടിപ്പിക്കുകയാണ് കർണാടക വനപാലകർ ചെയ്യുന്നത്.