ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള കത്തിനശിച്ചു
1298890
Wednesday, May 31, 2023 5:23 AM IST
ഉദുമ: പാലക്കുന്നില്‍ ഉദുമ പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്റര്‍ തെക്ക് മാറിയുള്ള ഇരുനില വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കള കത്തിനശിച്ചു.
കാഞ്ഞങ്ങാട്-കാസര്‍ഗോഡ് സംസ്ഥാന പാതയോരത്തെ ശ്രീജ നിലയത്തില്‍ ഇന്നലെ രാവിലെ ആറിനാണ് അടുക്കളയില്‍ നിന്ന് തീപ്പുക ഉയരുന്നതായി വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വീട്ടുകാരും സമീപവാസികളും പാലക്കുന്ന് ടൗണില്‍ നിന്നെത്തിയ യുവാക്കളും ചേര്‍ന്ന് തീ അണച്ചു. ആളപായമില്ല.
ഫ്രിഡ്ജും മറ്റു ഗൃഹോപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചുവെങ്കിലും തൊട്ടടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് വീട്ടുകാരും അയല്‍വാസികളും.
സംഭവം അറിഞ്ഞ ഉടനെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കാസര്‍ഗോട്ടു നിന്ന് അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. ചുമരിനും ജനാലകള്‍ക്കും കേടുപാടുകള്‍ പറ്റിയെങ്കിലും മറ്റിടങ്ങളിലേക്ക് തീ പടരും മുന്‍പേ തീയണക്കാനായി.
ഷോര്‍ട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. കരിപ്പോടി പ്രാദേശിക സമിതി പ്രസിഡന്റ് സുരേഷ്കുമാറും സഹോദരങ്ങളും കുടുംബവും താമസിക്കുന്ന വീടാണിത്. പാലക്കുന്നിലും പള്ളിക്കരയിലും വര്‍ഷങ്ങളായി പച്ചക്കറി കട നടത്തുന്നവരാണ് ഇവർ.