കൃഷിയിടത്തിലെ കീടനിയന്ത്രണത്തിന് തവളക്കെണി
1298889
Wednesday, May 31, 2023 5:23 AM IST
നീലേശ്വരം: കൃഷിയിടങ്ങളിലെ കീടനിയന്ത്രണത്തിന് ലളിതവും ഫലപ്രദവുമായ മാര്‍ഗമൊരുക്കി കടിഞ്ഞിമൂലയിലെ കര്ഷകന് പി.വി.ദിവാകരൻ. സോളാര്‍ ലൈറ്റോ എമര്‍ജെന്‍സി ലൈറ്റോ ഉപയോഗിച്ച് കീടങ്ങളെ ആകര്‍ഷിച്ച് തവളയ്ക്ക് ഭക്ഷണമൊരുക്കുന്ന രീതിയാണ് ദിവാകരന് അവലംബിച്ചിരിക്കുന്നത്. കൃഷിയിടത്തില്‍ മത്സ്യം വളര്‍ത്താന്‍ ഉപയോഗിച്ച സിമന്റ് ടാങ്കാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്.
നേരത്തെ ഇവിടെ നാലഞ്ച് തവളകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ലൈറ്റ് ഘടിപ്പിച്ചപ്പോള്‍ ഇരുപത്തിയഞ്ചോളം തവളകള്‍ ഇടം പിടിച്ചു. പ്രധാനമായും ലൈറ്റിനെ ആകര്‍ഷിച്ച് വരുന്നതില്‍ വെള്ളീച്ചകൾ, വേരുതീനി പുഴുക്കളുടെ വണ്ടുകൾ, കൊമ്പന്‍ചെല്ലികള്‍, രാത്രികാലങ്ങളില്‍ ചെടികളുടെ ഇലകള്‍ തിന്ന് നശിപ്പിക്കുന്ന കീടങ്ങളും ലൈറ്റിനെ ആകര്‍ഷിച്ച് വരുന്നുണ്ട്.
വെള്ളത്തില്‍ വീഴുന്ന കീടങ്ങളും സൈഡില്‍ പറ്റിപ്പിടിച്ച് നില്ക്കുന്ന പ്രാണികളെയും തവളകള്‍ ആഹാരമാക്കുന്നുണ്ട്. നീര ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെടെ പത്തോളം കണ്ടുപിടിത്തങ്ങള്‍ ദിവാകരന് നടത്തിയിട്ടുണ്ട്. കാര്‍ഷിക സര്‍വകലാശാലയുടേതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ദിവാകരനെ തേടിയെത്തിയിട്ടുണ്ട്.