ചതിരൂർ നീലായിയിൽ കടുവ പിടിച്ച നായയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി
1509391
Thursday, January 30, 2025 12:52 AM IST
ഇരിട്ടി: ചതിരൂർ നീലായി പ്രദേശത്ത് കടുവ പിടിച്ച ബിനോയി ചുണ്ടൻതടത്തിന്റെ വളർത്തുനായയുടെ ശരീര അവശിഷ്ടങ്ങൾ പരിശോധനയിൽ വനംവകുപ്പ് കണ്ടെത്തി.
വീടിന് സമീപത്തുനിന്നും 500 മീറ്റർ മാറി തല നഷ്ടപ്പെട്ട നിലയിലായിരുന്നു നായയുടെ ശരീരം. കടുവയുടെ അലർച്ച കേട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്ന സ്ഥലത്തിന് സമീപത്തുതന്നെയാണ് ശരീരഭാഗം കണ്ടെത്തിയത്. ഉടൻ തന്നെ വനം വകുപ്പ് അധികൃതർ അവിടെനിന്നും പിന്മാറി സ്ഥലത്ത് കാമറ സ്ഥാപിച്ചു. ‘
രാത്രിയിൽ പ്രദേശത്ത് കടുവ എത്താൻ സാധ്യത ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. പരിശോധന സംഘത്തിൽ ആർആർടി ഡപ്യൂട്ടി റേഞ്ചർ ഷൈനി കുമാർ, കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ് , അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, കീഴ്പ്പള്ളി , ആറളം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.പ്രകാശൻ , സജീവൻ തനിയാടൻ എന്നിവരും ഉണ്ടായിരുന്നു.