കൊളവയലിലെ ചീരക്കൃഷിക്ക് ഡ്രോൺ വഴി ജൈവവളം
1509100
Wednesday, January 29, 2025 1:11 AM IST
കാഞ്ഞങ്ങാട്: കീടനാശിനി തളിക്കാൻ മാത്രമല്ല ജൈവവളം തളിക്കാനും ഡ്രോൺ പ്രയോജനപ്പെടുത്താനാകുമെന്ന് കർഷകർക്ക് കാണിച്ചുനല്‍കി സിപിസിആർഐയിലെ കൃഷിവിജ്ഞാൻ കേന്ദ്ര പ്രവർത്തകർ.
ചീരക്കൃഷിക്ക് പേരുകേട്ട അജാനൂർ കൊളവയൽ പാടത്താണ് ദ്രവരൂപത്തിലുള്ള ജൈവവളം ഡ്രോൺ ഉപയോഗിച്ച് തളിച്ചത്. മണ്ണിര കമ്പോസ്റ്റ് നിർമാണവേളയിൽ ലഭിക്കുന്ന വെർമി വാഷാണ് തളിച്ചത്. ആറുമുതൽ 10 മിനുട്ടിനുള്ളിൽ ഒരേക്കർ സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനാകുമെന്ന് സിപിസിആർഐ ശാസ്ത്രജ്ഞർ പറഞ്ഞു.
10 ലിറ്റർ വരെ ജൈവവള സംയുക്തം ഡ്രോണിൽ നിറയ്ക്കാനാകും. ഉയർന്ന മർദത്തിൽ സൂക്ഷ്മകണികകളായി വളം തളിക്കുന്നതിനാൽ വളത്തിന്റെ അളവ് കുറയ്ക്കാനുമാകും. ചെടികളുടെ തലപ്പിൽനിന്ന് ഒരുമീറ്റർ മുതൽ രണ്ടുമീറ്റർ വരെ ഉയരത്തിലാണ് ഡ്രോൺ പറത്തുന്നത്. പൂർണമായും ചാർജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് 15 മിനുട്ടോളം ഡ്രോൺ പറത്താനാകും. സിപിസിആർഐ ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ.മുരളി ഗോപാൽ പരീക്ഷണ വളപ്രയോഗം ഉദ്ഘാടനം ചെയ്തു. കമലാക്ഷൻ കൊളവയൽ അധ്യക്ഷനായി.
കൃഷിവിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞരായ ഡോ. ബെഞ്ചമിൻ മാത്യു, കിരൺമയി പത്ര, വാർഡ് അംഗം ഷിജു, കെ.ഗംഗാധരൻ, രവി കൊളവയൽ എന്നിവർ സംബന്ധിച്ചു.