കെഎസ്യു നേതാവിനെ ഹോസ്റ്റലിൽ കയറി ആക്രമിച്ചു
1509390
Thursday, January 30, 2025 12:52 AM IST
തലശേരി: പാലയാട് യൂണിവേഴ്സിറ്റി കാമ്പസിലെ കെഎസ്യു നേതാവിനു നേരെ എസ്എഫ്ഐ ആക്രമണം. പാലയാട് കാന്പസ് രണ്ടാംവർഷ നിയമ വിദ്യാർഥിയും കെഎസ്യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയുമായ ബിതുൽ ബാലനെയാണ് (22) പാലയാട് കാമ്പസിന്റെ തൊട്ടടുത്തുള്ള ഹോസ്റ്റലിൽ കയറി മുഖം മൂടിയണിഞ്ഞ സംഘം ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
ഇന്നലെ പുലർച്ചെ 1.30 ഓടെ പത്തോളം വരുന്ന മുഖംമൂടി സംഘമാണ് ആക്രമണം നടത്തിയത്. ഹോസ്റ്റലിന്റെ വാതിൽ ചവിട്ടിത്തുറന്ന് വിദ്യാർഥികൾ താമസിക്കുന്ന മുറിയിലേക്ക് ചാടിക്കടന്ന സംഘം ഇരുമ്പ് വടികളും സൈക്കിൾ ചെയിൻ അടക്കമുള്ള ആയുധങ്ങളും ഉപയോഗിച്ചാണ് ആക്രമിച്ചത്.ഗുരുതര പരിക്കുകളോടെ ബിതുലിനെ തലശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പോലീസ് കേസെടുത്തു.
പിണറായി ഭരണത്തിൽ പിണറായിയുടെ മണ്ഡലത്തിലെ വിദ്യാർഥികൾക്ക് പോലും സുരക്ഷയില്ലെന്നും പാലയാട് കാമ്പസിലെ ബിതുൽ ബാലന് നേരെയുള്ള ആക്രമം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാന പ്രകാരമാണെന്നും ഗുണ്ടാസംഘങ്ങളെ ഉപയോഗപ്പെടുത്തി എസ് എഫ് ഐ നടത്തുന്ന തോന്ന്യാസം എന്ത് വില കൊടുത്തും ചെറുക്കുമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ പറഞ്ഞു.