കല്യാട് സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള ഖനനം: നടപടി സ്വീകരിക്കാൻ കളക്ടറുടെ നിർദേശം
1509095
Wednesday, January 29, 2025 1:11 AM IST
കണ്ണൂര്‍: ശ്രീകണ്ഠപുരം കല്യാട് സര്‍ക്കാര്‍ ഭൂമി കൈയേറിയുള്ള ഖനനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളോട് സത്വര നടപടി സ്വീകരിക്കാൻ കളക്ടർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരെ വിളിച്ചുചേർത്തു നടത്തിയ യോഗത്തിൽ അനധികൃത ഖനനം നിര്‍ത്തിവയ്പിക്കാനും ജിയോളജി വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആവശ്യപ്പെട്ടു.
പിഴ അടയ്ക്കാത്തവര്‍ക്ക് നേരെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. അനധികൃത ഖനനം തടയുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷനോട് നിസഹകരണം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പേരാവൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
പോലീസ് ഔട്ട് പോസ്റ്റ് സ്ഥാപിച്ച് എസ്ഐയുടെ നേതൃത്വത്തില്‍ നിരീക്ഷണം നടത്തുന്നതിനൊപ്പം സർക്കാർ ഭൂമി അളന്നു തിട്ടപ്പെടുത്തും. സബ് ഡിവിഷന് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരം സ്ക്വാഡുകള്‍ രൂപീകരിച്ച് ആഴ്ചതോറും ഇവരുടെ റിപ്പോട്ട് നല്‍കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്.