അത് കടുവ തന്നെ
1509098
Wednesday, January 29, 2025 1:11 AM IST
ഇരിട്ടി: ആറളം പഞ്ചായത്തിൽ കീഴ്പള്ളിക്കടുത്ത് ചതിരൂർ നീലായ് ഗ്രാമത്തെ മാസങ്ങളായി ഭീതിയിലാഴ്ത്തുന്നത് കടുവ തന്നെയെന്ന് ഒടുവിൽ വനം വകുപ്പ്. 21 ദിവസത്തിനുള്ളിൽ പ്രദേശത്ത് നാലു വളർത്തുനായകളെ ആക്രമിക്കുകയും മൂന്നെണ്ണത്തെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തതോടെ ഇന്നലെ രാവിലെ പ്രതിഷേധവുമായി നാട്ടുകാർ സംഘടിച്ചു. കാമറകൾ സ്ഥാപിക്കുമെന്നും കൂടുവയ്ക്കുമെന്നും സ്ഥലത്തെത്തിയ കണ്ണൂർ എസ്ഐപി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വി. രതീശൻ ഉറപ്പ് നൽകിയതോടെയാണു ഒന്പത് മണിക്കൂറോളം സ്ഥലത്തു തമ്പടിച്ച സ്ത്രീകൾ ഉൾപ്പെടുന്ന സംഘം പ്രതിഷേധം അവസാനിച്ച് വീടുകളിലേക്ക് മടങ്ങിയത്. ഇന്നലെ തന്നെ വനംവകുപ്പ് സ്ഥലത്ത് പത്തോളം കാമറകളും കൂടും സ്ഥാപിച്ചു.
കഴിഞ്ഞദിവസവും പ്രദേശത്ത് കടുവയുടെ അലർച്ച കേട്ടതായി പ്രദേശവാസികൾ വനം വകുപ്പിനെ അറിയിച്ചിരുന്നു. ആർആർടി ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം തെളിയിക്കുന്ന കാല്പാടുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല .
സ്ഥലത്ത് നിരീക്ഷണം നടത്തിയ സംഘം പടക്കം പൊട്ടിച്ചശേഷം വൈകുന്നേരം ആറിനാണ് തിരികെപോന്നത്. ആർആർടി സംഘം തിരിച്ചുപോയശേഷം രാത്രി വൈകിയാണ് ചുണ്ടൻതടം ബിനോയിയുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഒരു വയസ് പ്രായമുള്ള കൂറ്റൻ വളർത്തുനായയെ കടുവ പിടിച്ചുകൊണ്ടുപോയത്. ഇതോടെയാണ് ഇന്നലെ പകൽ പ്രദേശവാസികൾ സംഘടിച്ചത്. ബിനോയിയുടെ വീട്ടിലും പരിസരത്തുമായി ഒത്തുകൂടിയവർ കടുവയെ കൂടുവച്ചു പിടിച്ചുകൊണ്ടുപോകുമെന്ന ഉറപ്പ് ലഭിക്കുന്നതുവരെ പിരിഞ്ഞുപോകില്ലെന്നും ശക്തമായ നിലപാട് സ്വീകരിച്ചു.
സ്ഥലത്തെത്തിയ ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവർ ജനങ്ങളുടെ ആവശ്യത്തെ അനുകൂലിച്ചെങ്കിലും ഉയർന്ന ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി ഉറപ്പു നൽകണമെന്ന നിലപാടിൽ നിന്ന് പ്രദേശവാസികൾ പിന്നോട്ട് പോയില്ല.
ഉച്ചകഴിഞ്ഞ് മൂന്നോടെ കണ്ണൂരിൽനിന്നു എസ്ഐപി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നേരിട്ടെത്തി ഉറപ്പ് നൽകുകയായിരുന്നു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ.ഫിലിപ്പ് കവിയിൽ, പഞ്ചായത്തംഗങ്ങളായ ഇ.സി. രാജു ,ജോർജ് ആലാംപള്ളി , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിനാട്ട്, സിപിഎം ലോക്കൽ സെക്രട്ടറി എ.ഡി. ബിജു, എൻസിപി നേതാവ് അജയൻ പായം, ഫാ. സോജൻ പൂവത്തിങ്കൽ, ബെന്നിച്ചൻ മഠത്തിനകം, ജോസ് പുത്തൻപുര, കിഫ പ്രതിനിധി തങ്കച്ചൻ കൂറ്റാരാപ്പള്ളി, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ വാഴപ്പള്ളി, പഞ്ചായത്തംഗം ബിജു കുട്ടിക്കാട്ട്, സിപിഐ നേതാവ് കെ.ബി. ഉത്തമൻ എന്നിവരും സ്ഥലത്തെത്തി.
വളർത്തുനായയെ കൊണ്ടുപോയി
വൈകുന്നേരവും കടുവയുടെ അലർച്ച കേട്ടിരുന്നു. വനം വകുപ്പ് പരിശോധന നടത്തി പടക്കം പൊട്ടിച്ച് മടങ്ങിയ വിശ്വാസത്തിലാണ് ഉറങ്ങിയത്. നേരം പുലർന്നപ്പോഴാണ് കൂട്ടിൽ നായ ഇല്ലാത്തതു മനസിലാക്കിയത്. പന്നികളെ വളർത്താൻ പണിത കൂട്ടിലായിരുന്നു നായ ഉണ്ടായിരുന്നത്. ഉയരമുള്ള ഭിത്തിക്കുമുകളിലൂടെ നായയെ വലിച്ചിഴച്ചു സമീപത്തെ വനത്തിലേക്കു കൊണ്ടുപോയതിന്റെ സൂചനകൾ കാണാൻ കഴിയുമായിരുന്നു. കൂട്ടിനുള്ളിലായതുകൊണ്ട് രാത്രിയിൽ കൂടുതൽ ശ്രദ്ധിച്ചില്ല.
-ബിനോയി ചുണ്ടൻതടം,
നീലായ്
കടുവയെ കണ്ടു
രണ്ടാഴ്ചമുന്പ് എന്റെ ജീവൻ രക്ഷിച്ചത് വളർത്തുനായയാണ്. രാത്രിയാണ് റബർ ടാപ്പ് ചെയ്യുന്നത്. പാൽ ഉറയൊഴിച്ച ശേഷം രാത്രി 11 ഓടെ നായയെ തുടലിൽ പിടിച്ചു വീടിന് പുറത്തിറങ്ങിയപ്പോഴാണ് ലൈറ്റിന്റെ വെളിച്ചത്തിൽ 100 മീറ്റർ മാറി കടുവയെ കണ്ടത്. കടുവയെ കണ്ട ഭയന്ന നായ തന്നെയും വലിച്ച് വീടിനുള്ളിലേക്ക് ഓടിയതുകൊണ്ട് മാത്രമാണ് രക്ഷപെട്ടത്. പ്രമേഹത്തെ തുടർന്ന് കാൽ മുറിച്ചുമാറ്റിയ ഭർത്താവ് ചാക്കോയും ഞാനും മാത്രമാണ് വീട്ടിലുള്ളത് സ്വന്തമായുള്ള 40 റബർ ടാപ്പ് ചെയ്താണ് ഉപജീവനം. ഇപ്പോൾ പുറത്തിറങ്ങാൻ ഭീതിയാണ്.
-വത്സ മഠത്തിപ്പുറത്ത്,
നീലായ്