നിധിവേട്ടക്കാരെ പിടികൂടിയതിനു പിന്നാലെ ആരിക്കാടി കോട്ടയിൽ തീപിടിത്തം
1509101
Wednesday, January 29, 2025 1:11 AM IST
കുമ്പള: ആരിക്കാടി കോട്ടയിൽ നിധി തേടിയെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കമുള്ളവരെ പിടികൂടിയതിനു പിന്നാലെ കോട്ടയിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം ആറോടെയാണ് കോട്ടയ്ക്കുള്ളിൽ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചതിനെ തുടർന്ന് അവർ കുതിച്ചെത്തി തീയണയ്ക്കുകയായിരുന്നു.
നിധിവേട്ട സംഭവം പുറത്തായതിനു പിന്നാലെ കോട്ടയ്ക്കുള്ളിൽ തീപിടിത്തമുണ്ടായതിനു പിന്നിൽ അട്ടിമറിയാണെന്ന ആക്ഷേപം സമീപവാസികൾ ഉയർത്തിയിട്ടുണ്ട്. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ വരുംദിവസങ്ങളിൽ കോട്ടയിലെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. ഇവർ എത്തുന്നതിനു മുമ്പ് നിധിവേട്ടയുടെ തെളിവുകൾ നശിപ്പിക്കാൻ തത്പരകക്ഷികൾ മനപൂർവം തീയിട്ടതാണെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസം പിടിയിലായ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാറിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും കോട്ടയ്ക്കുള്ളിൽ എത്തിയിരുന്നതായി സൂചനയുണ്ട്. കോട്ടയ്ക്കുള്ളിൽ പല ഭാഗങ്ങളിലും ഇവർ കുഴിച്ചുനോക്കിയിരുന്നതായും സംശയിക്കുന്നു. ഇതിന്റെയെല്ലാം തെളിവുകൾ നശിപ്പിക്കാനാണ് തീയിട്ടതെന്നാണ് ആക്ഷേപം. പുരാവസ്തു വകുപ്പിനു കീഴിലുള്ള കോട്ടയിൽ അതിക്രമിച്ചു കടന്നതിനും ഖനനം നടത്തിയതിനും വിവിധ വകുപ്പുകൾ ചേർത്ത് പരാതി നല്കുമെന്ന് കഴിഞ്ഞദിവസം പുരാവസ്തു വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള തെളിവുകൾ ഇല്ലാതാക്കാനാണ് ശ്രമം നടന്നതെന്നാണ് സംശയം. കോട്ടയ്ക്കുള്ളിൽ നിന്ന് വിലപ്പെട്ട എന്തെങ്കിലും സാധനങ്ങൾ സംഘം കൈവശപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്.