സിപിഎം കണ്ണൂർ ജില്ലാ സമ്മേളനം ഒന്നു മുതൽ തളിപ്പറന്പിൽ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1509099
Wednesday, January 29, 2025 1:11 AM IST
കണ്ണൂർ: ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ തളിപ്പറന്പിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കെ.എൻ പരിയാരം ഹാളിലും സമാപന പൊതുസമ്മേളനം ഉണ്ടപ്പറന്പിൽ പ്രത്യേകം തയാറാക്കിയ വേദിയിലുമാണ് നടക്കുക. ജനുവരി 31ന് വൈകുന്നേരം ആറിന് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തുന്നതോടെ സമ്മേളന നടപടികൾ ആരംഭിക്കും.
പ്രതിനിധി സമ്മേളനവും പൊതുസമ്മേളനവും പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏരിയാ സമ്മേളനങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 496 പ്രതിനിധികളും 51 ജില്ലാ കമ്മിറ്റി അംഗങ്ങളും കേന്ദ്ര-സംസ്ഥാന നേതാക്കളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുക. പൊതുസമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാക കരിവെള്ളൂർ രക്തസാക്ഷി സ്മാരകത്തിൽ നിന്നും സംസ്ഥാനസമിതിയംഗം പി. ജയരാജന്റെ നേതൃത്വത്തിൽ സമ്മേളന നഗരിയിലെത്തിക്കും.
പതാക ജാഥയുടെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് പി. കരുണാകരൻ നിർവഹിക്കും. കാവുന്പായി രക്തസാക്ഷി സ്മാരകത്തിൽനിന്നു ടി.വി.രാജേഷിന്റെ നേതൃത്വത്തിൽ കൊടിമരജാഥ സമ്മേളന നഗരിയിലെത്തിക്കും. കൊടിമര ജാഥയുടെ ഉദ്ഘാടനം 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, എളമരം കരീം, കെ. രാധാകൃഷ്ണൻ, വി. സതീദേവി, സി.എസ്. സുജാത, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായയ കെ.കെ. ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എം. സ്വരാജ് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.
സമാപനദിവസത്തെ പൊതുസമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 18 ഏരിയകളില്‍ നിന്നുള്ള 15,000 റെഡ് വോളന്റിയർമാരുടെ മാര്‍ച്ച് കാക്കാത്തോട് ബസ് സ്റ്റാൻഡ്, ചിറവക്ക് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ച് ഉച്ച കഴിഞ്ഞ് മൂന്നു മുതൽ ആരംഭിക്കും. ഗതാഗതത്തെ ബാധിക്കാത്ത തരത്തിലായിരിക്കും റെഡ് വോളന്റിയർ മാർച്ചെന്ന് സംഘാടകർ അറിയിച്ചു. ഗതാഗത തടസത്തിനിടയാക്കുമെന്നതിനാൽ പൊതുപ്രകടനം ഒഴിവാക്കിയിട്ടുണ്ടെന്നും എം.വി. ജയരാജൻ പറഞ്ഞു
രാജ്യത്ത് ഏറ്റവും കൂടുതൽ അംഗങ്ങൾ കണ്ണൂരിൽ
കണ്ണൂർ: ഇന്ത്യയിൽ ഏറ്റവും കുടുതൽ പാർട്ടി അംഗങ്ങളും വർഗ ബഹുജന സംഘടനാംഗങ്ങളുമുള്ളത് കണ്ണൂർ ജില്ലയിൽ. 4421 ബ്രാഞ്ച്, 249 ലോക്കൽ കമ്മിറ്റികളിലും 18 ഏരിയാകമ്മിറ്റികളിലുമായി 65,550 അംഗങ്ങളാണ് കണ്ണൂരിൽ നിലവിലുള്ളത്. കഴിഞ്ഞ സമ്മേളന കാലയളവിൽനിന്നും ഇത്തവണത്തെ സമ്മേളന കാലയളവായ മൂന്നു വർഷത്തിനിടെ ബ്രാഞ്ച്, ലോക്കൽ എന്നിവയിലും വർധനയുണ്ടായി. മൂന്നു വർഷം മുന്പുണ്ടായിരുന്നതിനെക്കാൾ 174 ബ്രാഞ്ചുകളുടെയും ആറ് ലോക്കൽ കമ്മിറ്റികളുടെയും 3862 പാർട്ടി മെംബർമാരുടെയും വർധനയുണ്ടായി.
സംസ്ഥാനത്തെ വനിതാ പാർട്ടി അംഗസംഖ്യയിലും കണ്ണൂരാണ് മുന്നിൽ. ആകെയുള്ള പാർട്ടി അംഗങ്ങളിൽ 32.99 ശതമാനം വനിതകളാണ്. അംഗങ്ങളാണ്. മൂന്നു വർഷത്തിനിടയിൽ വനിതകളുടെ പ്രാതിനിധ്യത്തിൽ അഞ്ച് ശതമാനം വർധനയാണ് ഉണ്ടായത്. രണ്ട് ലോക്കൽ സെക്രട്ടറിമാരും 242 ബ്രാഞ്ച് സെക്രട്ടറിമാരും വനിതകളാണ്. ആദിവാസി പുനരധിവാസ ഗ്രാമമായ ആറളം ഫാമിലെപാർട്ടി അംഗങ്ങളിൽ 47 ശതമാനവും വനിതകളാണ്.